ആഫ്രിക്കൻ പന്നിപ്പനി;ഫാമിലെ പന്നികളെ ഇന്നു തന്നെ കൊന്നു തുടങ്ങും
നഷ്ടപരിഹാരത്തിനുള്ള നടപടി വേഗത്തിലാക്കുമെന്ന് സബ് കലക്ടർ
വയനാട്: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിലെ പന്നികളെ ഇന്നു തന്നെ കൊന്നു തുടങ്ങും. മാനന്തവാടി സബ് കലക്ടർ ആർ.ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചു.
നഷ്ടപരിഹാരത്തിനുള്ള നടപടി വേഗത്തിലാക്കുമെന്ന് സബ് കലക്ടർ അറിയിച്ചു. വിദഗ്ധസംഘം പന്നിഫാം സന്ദർശിച്ചശേഷം തവിഞ്ഞാലിലെ ഫാം ഉടമയുമായി സംസാരിച്ചിരുന്നു. തുടർന്ന് ഉടമ ഇക്കാര്യത്തിൽ പൂർണ സഹകരണം അറിയിച്ചതായും കൊന്നൊടുക്കുന്ന പന്നികളുടെ തൂക്കത്തിന് അനുസരിച്ചുള്ള നഷ്ടപരിഹാരത്തുക കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്നും സബ് കലക്ടർ പ്രതികരിച്ചു.
ജില്ലയിലെ രണ്ട് സീനിയർ വെറ്റിനറി ഡോക്ടർമാരടങ്ങുന്ന പതിനാറംഗ സംഘം ഫാമിലെത്തിയിട്ടുണ്ട്. ഇന്ന് തന്നെ മുഴുവൻ പന്നികളെയും കൊന്നൊടുക്കാൻ കഴിയുമെന്നാണ് അധികൃതർ പറഞ്ഞു. മുന്നോറോളം പന്നികളാണ് ഈ ഫാമിലുള്ളത്.
വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച മറ്റൊരു ഫാം മാനന്തവാടി നഗരസഭയിലെ കണിയാരത്തിന് സമീപത്താണ്. ഈ ഫാമിൽ നിലവിൽ പന്നികളില്ല. ദക്ഷിണേന്ത്യയിൽ ആദ്യമായി വയനാട്ടിലാണ് ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. ചെള്ളുകള്‍ വഴിയാണ് പന്നികള്‍ക്ക് രോഗം ഉണ്ടാകുന്നത്. അതേസമയം, മനുഷ്യനിലേക്ക് പടരുന്ന വൈറസല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം ശക്തമാക്കും.