സി.പി.എമ്മിന് പിന്നാലെ സി.പി.ഐയിലും പ്രായപരിധി കർശനമാക്കുന്നു
സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതിൽ ഇ.പി.ജയരാജനെതിരെ വിമർശനത്തിന് സാധ്യത
തിരുവനന്തപുരം: സി.പി.എമ്മിന് പിന്നാലെ സി.പി.ഐയിലും പ്രായപരിധി കർശനമാക്കുന്നു. ദേശീയ കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രായപരിധി നിശ്ചയിക്കാൻ സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്നാരംഭിക്കും. ജില്ല സെക്രട്ടറിമാർക്ക് പുറമേ മണ്ഡലം സെക്രട്ടറിമാരുടെ പ്രായവും അറുപതായി നിജപ്പെടുത്താൻ നേതൃയോഗങ്ങൾ തീരുമാനിക്കും. മുസ്‍ലിം ലീഗിനെ ഇടത് മുന്നണിയിലേക്ക് ക്ഷണിച്ച ഇ.പി ജയരാജനെതിരെ യോഗത്തിൽ വിമർശനമുണ്ടായേക്കും.
കഴിഞ്ഞ മാസം ഡൽഹിയിൽ ചേർന്ന സി.പി.ഐ ദേശീയ കൗൺസിലിൽ ദേശീയ കൗൺസിൽ അംഗങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിച്ചിരുന്നു. ഇതു സംസ്ഥാനനേതൃതലത്തിലും ബാധകമാക്കി അംഗീകരിക്കാനാണ് ഇന്ന് സംസ്ഥാന എക്‌സിക്യൂട്ടീവും നാളെ സംസ്ഥാന കൗൺസിലും ചേരുന്നത് . ഇതോടെ സംസ്ഥാന എക്‌സിക്യൂട്ടീവില് നിന്നും കൗൺസിലിൽ നിന്നും 75 വയസായവർ ഒഴിവാകും. തീരുമാനത്തോടെ സി. ദിവാകരൻ, കെ.ഇ ഇസ്മയിൽ ഉൾപ്പെടെയുള്ള പല പ്രമുഖ നേതാക്കളും സംസ്ഥാന നേതൃത്വത്തില്‍ നിന്നും മാറി നിൽക്കേണ്ടി വരും. ജില്ലാ സെക്രട്ടറിമാരുടെ പ്രായം അറുപതായി ദേശീയ കൗൺസിൽ നിശ്ചയിച്ചെങ്കിലും മണ്ഡലം സെക്രട്ടറിമാരുടേതിൽ തീരുമാനമെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറിമാരുടേതിന് സമാനമായി മണ്ഡലം സെക്രട്ടറിമാരുടെതും 60 ആക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിൻറെ നിലപാട്.
ബ്രാഞ്ച് സെക്രട്ടറിമാരുടെ പ്രായപരിധി 45 ആയിട്ടാണ് ദേശീയ കൗൺസിൽ നിശ്ചയിച്ചതെങ്കിലും അത് പ്രായോഗികമല്ലെന്ന് സംസ്ഥാനനേതൃത്വം വിലയിരുത്തിയിട്ടുണ്ട്.അതുകൊണ്ട് 45 പ്രായപരിധി കഴിഞ്ഞ പലരേയും ബ്രാഞ്ച് സെക്രട്ടറിമാരായ തെരഞ്ഞെടുത്തിരിന്നു..സമകാലിക രാഷ്ട്രീയ വിഷയങ്ങളും യോഗത്തിൽ ചർച്ചയ്ക്ക് വരും. മുന്നണി കൺവീനറായതിന് പിന്നാലെ മുസ്‍ലിം ലീഗിനെ ക്ഷണിച്ച ഇ.പി ജയരാജന്റെ നടപടിയിൽ സി.പി.ഐയ്ക്ക് എതിർപ്പുണ്ട്.ഇ.പി ജയരാജനെതിരെ ഇന്നത്തെ യോഗത്തിൽ വിമർശനം ഉയർന്നേക്കും.സിൽവർ ലൈൻ കല്ലിടലുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിലും വിമർശനം ഉയരാൻ സാധ്യതയുണ്ട്.