ഇന്നും തെരുവുനായ ആക്രമണം രൂക്ഷം; നിരവധി പേര്‍ക്ക് കടിയേറ്റു; വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു
തിരുവനന്തപുരത്തും കോഴിക്കോടും ഇടുക്കിയിലുമാണ് ആക്രമണം ഉണ്ടായത്.
സംസ്ഥാനത്ത് ഇന്നും തെരുവുനായ ആക്രമണം രൂക്ഷം. നിരവധി പേര്‍ക്ക് കടിയേറ്റു. വളര്‍ത്ത് മൃഗങ്ങളെയും നായ ആക്രമിച്ചു. തിരുവനന്തപുരത്ത് നാഷണല്‍ ക്ലബ് ജീവനക്കാരനായ ശ്രീനിവാസനെയാണ് തെരുവുനായ കടിച്ചത്.
സ്റ്റാച്യു ഊറ്റുകുഴിയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കവെ പിന്നാലെയെത്തി കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസന്റെ കാലില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി.
തിരുവനന്തപുരത്ത് തന്നെ 70കാരിയേയും നായ കടിച്ചു. കടക്കാവൂർ മണനാക്ക് ഏലപ്പുറം സ്വദശി ലളിതാമ്മയ്ക്കാണ് പരിക്കേറ്റത്. ലളിതാമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവശിപ്പിച്ചു.
കോഴിക്കോട് കൊളത്തറയില്‍ തെരുവുനായ പിന്തുടര്‍ന്ന് ഓടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന് പരിക്കേറ്റു. ചുങ്കം സ്വദേശി ബാബുവിനാണ് പരിക്കേറ്റത്.
ഇടുക്കിയില്‍ കട്ടപ്പന നിര്‍മലസിറ്റി സ്വദേശി ലളിത സോമനെ തെരുവുനായ ആക്രമിച്ചു. ഇതുകൂടാതെ, അടിമാലിയില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി.
വാളറ കുളമാംകുഴി സ്വദേശി ജോര്‍ജിന്റെ ഫാമിലെ അഞ്ച് കോഴികളും മൂന്ന് താറാവുകളും ചത്തു. സമീപത്തുണ്ടായിരുന്ന രണ്ട് ആടുകളെയും തെരുവുനായ കൊന്നു. കോതമംഗലം വാരപ്പെട്ടിയില്‍ നായകളുടെ കൂട്ട ആക്രമണത്തില്‍ മൂന്ന് ആടുകള്‍ ചത്തു.