സൈറയുടെ കാര്യത്തിൽ വീണ്ടും പ്രതിസന്ധി; വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ കഴിയില്ലെന്ന് എയർ ഏഷ്യ
സാധ്യമാകുന്ന വഴിയിലൂടെ സൈറയെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ആര്യ
വളർത്തു മൃഗങ്ങളെ കൊണ്ടു പോകാൻ കഴിയില്ലെന്ന് എയർ ഏഷ്യ. എയർ ഏഷ്യയുടെ വിമാനമാണ് കേരള സർക്കാർ വിദ്യാർഥികൾക്കായി ചാർട്ടർ ചെയ്തിരിക്കുന്നത്. വളർത്തു മൃഗങ്ങളുമായി വന്നവർ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് കേരള ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നത്. വളർത്തു നായയുമായെത്തിയ ആര്യയടക്കം നാലുപേരുടെ മടക്കമാണ് ഇതോടെ ബുദ്ധിമുട്ടിലാകുന്നത്. എന്നാല്‍, സാധ്യമാകുന്ന വഴിയിലൂടെ സൈറയെ നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് ആര്യയുടെ പ്രതികരണം.
വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് എയര്‍ലൈന്‍സില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ആവശ്യമാണെന്നാണ് എയര്‍ ഏഷ്യ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, എയര്‍ ഇന്ത്യയടക്കം ചില വിമാനങ്ങളില്‍ ഇതിനുള്ള സംവിധാനങ്ങളുണ്ട്. എന്നാല്‍ ഇന്ന് കേരള സര്‍ക്കാര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്ന എല്ലാ വിമാനങ്ങളും എയര്‍ ഏഷ്യയുടേതാണ്. ഇന്ന് വൈകീട്ട് 3.30നാണ് ഡല്‍ഹിയില്‍ നിന്ന് വിമാനം തിരിക്കുക.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇടുക്കി ദേവികുളം ലാക്കാട് സ്വദേശിയായ ആര്യ തന്‍റെ വളര്‍ത്തുനായയായ സൈറയുമായി യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയത്. ബുക്കാറസ്റ്റിൽനിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലർച്ചെ ഡൽഹിയിലെത്തിയിരുന്നു. യുദ്ധഭൂമിയിൽ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയൻ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. സൈറയില്ലാതെ താൻ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനിയായ ആര്യ.