കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് യാത്ര ചെയ്യേണ്ടവർക്ക് നൽകിയത് നാളത്തെ തിയ്യതിയിലുള്ള ബോർഡിങ് പാസ്

ബോർഡിങ് പാസിലെ പിഴവിനു പുറമെ വിമാനം അഞ്ചു മണിക്കൂറോളം വൈകുകയും ചെയ്തു

Update: 2024-09-20 15:46 GMT
Editor : André | By : Web Desk
Advertising

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നത്തെ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാർക്ക് ലഭിച്ചത് നാളത്തെ തിയ്യതിയിലുള്ള ബോർഡിങ് പാസ്. കോഴിക്കോട് - ദുബൈ എയർ ഇന്ത്യ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്ന 22-ലേറെ യാത്രക്കാർക്കാണ് സെപ്തംബർ 21 എന്ന് രേഖപ്പെടുത്തിയ പാസ് നൽകിയത്.

എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് പാസ്‌പോർട്ടിലും ബോർഡിങ് പാസിലും സീൽ ചെയ്ത ശേഷം തങ്ങളെ സെക്യൂരിറ്റി ചെക്കിങ്ങിനു മുമ്പ് മുക്കാൽ മണിക്കൂറോളം കാത്തുനിർത്തിച്ചതായി യാത്രക്കാർ പറഞ്ഞു. പിന്നീട്, വീണ്ടും എമിഗ്രേഷനിലേക്കു കൊണ്ടുപോയി തെറ്റായ തിയ്യതിയുള്ള ബോർഡിങ് പാസ് തിരികെ വാങ്ങി പുതിയ തിയ്യതിയുള്ളത് സീൽ ചെയ്ത് നൽകുകയാണുണ്ടായത്. ബോർഡിങ് പാസിലെ പിഴവിനു പുറമേ, ഉച്ചയ്ക്ക് 2.45 ന് പുറപ്പെടേണ്ട വിമാനം അഞ്ചു മണിക്കൂറോളം വൈകി 7.30-നു മാത്രമേ പുറപ്പെടുകയുള്ളൂ എന്ന അറിയിപ്പ് യാത്രക്കാർക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, ക്ലറിക്കൽ തകരാറാണ് സംഭവിച്ചതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പത്തോളം വിമാനങ്ങളാണ് കോഴിക്കോട്ടു നിന്ന് പുറപ്പെടാൻ മണിക്കൂറുകൾ വൈകിയത്. ലക്ഷക്കണക്കിന് ഗൾഫ് പ്രവാസികൾ ആശ്രയിക്കുന്ന എയർപോർട്ടിൽ വിമാനങ്ങൾ അനിശ്ചിതമായി വൈകുന്നത് തുടർക്കഥയായിട്ടും അധികൃതർ അനാസ്ഥ തുടരുകയാണ്.

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News