എയർ ഇന്ത്യ സമരം; തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി
യാത്ര പുനക്രമീകരിക്കേണ്ടവർക്ക് അത് ചെയ്തുനൽകിയെന്ന് തിരുവനന്തപുരം വിമാത്താവള അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിന് തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി. യാത്ര പുനക്രമീകരിക്കേണ്ടവർക്ക് അത് ചെയ്തുനൽകിയെന്ന് വിമാത്താവള അതോറിറ്റി അറിയിച്ചു. 10, 11, 12 തീയതികളിലേക്കാണ് ഇത് ചെയ്തുനൽകിയത്. റീഫണ്ട് വേണ്ടവർക്ക് അത് നൽകിയെന്നും വിമാനത്താവള അതോറിറ്റി അറിയിച്ചു.
നെടുമ്പാശേരിയിൽ യാത്രക്കാർക്ക് നാളത്തേക്ക് ടിക്കറ്റ് റീ ഷെഡ്യൂൾ ചെയ്തു നൽകി. ജീവനക്കാരുടെ സമരം അവസാനിപ്പിച്ചാൽ റീ ഷെഡ്യൂൾ ചെയ്ത ടിക്കറ്റിൽ നാളെ യാത്ര ചെയ്യാം.
എയർ ഇന്ത്യ ജീവനക്കാർ അപ്രതീക്ഷിതമായി പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ വിമാനങ്ങൾ റദ്ദാക്കിയത്. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതോടെ നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.
കരിപ്പൂരിൽനിന്നുള്ള ആറ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. റാസൽഖൈമ, ദുബൈ, ജിദ്ദ, ദോഹ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.