താലിബാന്‍ ഇന്ത്യക്കെതിരെ നീങ്ങിയാല്‍ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കും: യോഗി ആദിത്യനാഥ്
പാകിസ്താനും അഫ്ഗാനിസ്താനും താലിബാന്‍ കാരണം ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും യോഗി ആദിത്യനാഥ്
താലിബാന്‍ ഇന്ത്യയ്‌ക്കെതിരെ നീങ്ങിയാല്‍ വ്യോമാക്രമണം നടത്താന്‍ ഇന്ത്യ സജ്ജമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാകിസ്താനും അഫ്ഗാനിസ്താനും താലിബാന്‍ കാരണം ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. സാമാജിക് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
"ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യ ശക്തമാണ്. വേറൊരു രാജ്യത്തിനും ഇന്ത്യയ്‌ക്കെതിരെ തിരിയാന്‍ ഇന്ന് ധൈര്യമുണ്ടാവില്ല. താലിബാന്‍ കാരണം പാകിസ്താനും അഫ്ഗാനിസ്താനും കുഴപ്പത്തിലാണ്. എന്നാലും ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞാല്‍ വ്യോമ മാര്‍ഗം തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ക്ക് അറിയാം"- യോഗി ആദിത്യനാഥ് പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ എതിരാളികളെയും യോഗി വിമര്‍ശിച്ചു. ഇന്ത്യയുടെ വികസനത്തിനായി ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. രാമ ഭക്തരെ കൊലപ്പെടുത്തിയവര്‍ക്ക് രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിക്കാന്‍ ധൈര്യമുണ്ടോയെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.
എസ്ബിഎസ്പി നേതാവ് ഓപ്രകാശ് രാജ്ഭറിനെയും യോഗി ആദിത്യനാഥ് വിമര്‍ശിച്ചു. സ്വന്തം കുടുംബത്തിന്‍റെ വികസനം മാത്രമാണ് അദ്ദേഹം പരിഗണിക്കുന്നതെന്നാണ് വിമര്‍ശനം. അച്ഛന് മന്ത്രിയാവണം. ഒരു മകന് എംപിയാവണം, ഒരു മകന് എംഎല്‍എയും എന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു.