'കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾ പിന്തുടരരുത്'; ഇന്ധന സെസ് പിൻവലിക്കണമെന്ന് എ.ഐ.ടി.യു.സി
കേന്ദ്രസർക്കാർ ജനദ്രോഹ നടപടികൾ തുടരുമ്പോൾ കേരളത്തിൽ മാറ്റമുണ്ടാകണം. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ആവശ്യപ്പെട്ടു.
തൃശൂർ: സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് വർധന പിൻവലിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ. കേന്ദ്രസർക്കാർ ജനദ്രോഹ നടപടികൾ തുടരുമ്പോൾ കേരളത്തിൽ മാറ്റമുണ്ടാകണം. ക്ഷേമ പെൻഷനുകൾ വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാർ തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരെ നിരവധി സമരങ്ങൾ നടന്ന സംസ്ഥാനമാണ് കേരളം. പെട്രോളും ഡീസലും അവശ്യവസ്തുക്കളാണ്. അതിന് സെസ് ഏർപ്പെടുത്തിയാൽ ജനങ്ങളെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുമെന്നും രാജേന്ദ്രൻ പറഞ്ഞു.
ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് എൽ.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ തൊഴിലാളി സംഘടന തന്നെ നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.