'പപ്പയെ ഇത്രയും ദുർബലനായി ഇതുവരെ കണ്ടിട്ടില്ല'; അനിൽ ആന്റണിയുടെ തീരുമാനം ദുഃഖകരം: അജിത് ആന്റണി
ബി.ജെ.പി അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയും. അൽഫോൺസ് കണ്ണന്താനം അടക്കമുള്ളവർ ഇതിന് ഉദാഹരണമാണെന്നും അജിത് പറഞ്ഞു.
തിരുവനന്തപുരം: അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത് തീർത്തും അപ്രതീക്ഷിതമായ തീരുമാനമായിരുന്നുവെന്ന് സഹോദരനായ അജിത് ആന്റണി. വാർത്ത വന്നതോടെ പപ്പ ദുഃഖിതനായി മാറിനിൽക്കുകയായി. ഇതിന് മുമ്പ് പപ്പയെ ഇത്രയും ദുർബലനായി കണ്ടിട്ടില്ല. അനിൽ ആന്റണിയുടെ തീരുമാനം ദുഃഖകരമാണെന്നും അജിത് പറഞ്ഞു.
അനിൽ ആന്റണി തെറ്റ് തിരുത്തി മടങ്ങിവരുമെന്നാണ് വിശ്വാസം. ബി.ജെ.പിയുമായുള്ള ബന്ധം എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് അവരാണ്. അനിലിനെ കോൺഗ്രസിൽ നിലനിർത്താൻ നേതൃത്വം ശ്രമിച്ചിട്ടും പരാജയപ്പെട്ടതാകാം. ബി.ജെ.പി അനിലിനെ കറിവേപ്പില പോലെ വലിച്ചെറിയും. അൽഫോൺസ് കണ്ണന്താനം അടക്കമുള്ളവർ ഇതിന് ഉദാഹരണമാണ്. കോൺഗ്രസ് മുമ്പ് നടപ്പാക്കിയ പദ്ധതികൾ പേര് മാറ്റുക മാത്രമാണ് ബി.ജെ.പി ചെയ്യുന്നതെന്നും അജിത് പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് അനിൽ ആന്റണി ഡൽഹിയിൽവെച്ച് ബി.ജെ.പി അംഗത്വമെടുത്തത്. താൻ മരണംവരെ കോൺഗ്രസുകാരനായി തുടരുമെന്നും അനിലിന്റെ ബി.ജെ.പി പ്രവേശനം സംബന്ധിച്ച് ഇനി പ്രതികരിക്കില്ലെന്നും എ.കെ ആന്റണി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കർണാടകയിൽ അടക്കം അനിലിന്റെ പ്രചാരണത്തിനിറക്കാനാണ് ബി.ജെ.പി തീരുമാനം.