'കൃഷ്ണദാസിന്‍റെ പരാമര്‍ശം അദ്ദേഹത്തിന്‍റെ ശൈലി'; ന്യായീകരിച്ച് എ.കെ ബാലന്‍
മാധ്യമങ്ങൾ പ്രകോപിപ്പിച്ചപ്പോഴാണ് എൻ.എൻ കൃഷ്ണദാസ് പ്രതികരിച്ചതെന്ന് എ.കെ ബാലന്‍
പാലക്കാട്: മാധ്യമങ്ങളെ ഇറച്ചിക്കടയുടെ മുന്നിലെ പട്ടികളോട് ഉപമിച്ച സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസിന്റെ പരാമർശത്തെ ന്യായീകരിച്ച് എ.കെ ബാലൻ. നിരന്തരമായി മാധ്യമങ്ങൾ ഇടതു പക്ഷത്തെ കുറ്റം പറയുന്നുണ്ടെന്നും അതിൽ പ്രകോപിതനായാണ് അദ്ദേഹം പ്രതികരിച്ചതെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ ശൈലിയായി അതിനെ കണ്ടാൽ മതി. മാധ്യമങ്ങൾ പ്രകോപിപ്പിച്ചപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹത്തെ കുറ്റം പറയാൻ കഴിയില്ലെന്നും എ.കെ ബാലൻ പറഞ്ഞു.
അതേസമയം പരാമർശം ബോധപൂർവ്വമാണെന്നായിരുന്നു എൻ.എൻ കൃഷ്ണദാസിന്റെ പ്രതികരണം. അത് സിപിഎം നിലപാട് അല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും കൃഷ്ണദാസ് മീഡിയവണ്ണിനോട് പറഞ്ഞിരുന്നു. പാലക്കാട്ടെ ഏരിയ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ ഇടതുപക്ഷത്ത് നിന്നും അടർത്തിമാറ്റാൻ ബോധപൂർവ്വമായ ക്വട്ടേഷൻ ചിലർ എടുത്തിരുന്നതായും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരണം പെട്ടെന്നുള്ള വികാരത്തിന്റെ ഭാഗമായിരുന്നില്ല. ബോധപൂർവ്വമാണ് പറഞ്ഞത്. പറഞ്ഞകാര്യങ്ങളിൽ പുനർവിചിന്തനം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെയുഡബ്ല്യുജെക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ട്. തൻ്റെ പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യം നാലായി മടക്കി ചാലിൽ ഇടണമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെയാണ് എൻ.എൻ. കൃഷ്ണദാസ് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചത്. പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുൽ ഷുക്കൂറിനൊപ്പം വേദിയിലെത്തിയ കൃഷ്ണദാസ് 'ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെപ്പോലെയാണ്' മാധ്യമപ്രവർത്തകരെന്ന് ആക്ഷേപിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ അബ്ദുൽ ഷുക്കൂറിന്‍റെ പ്രതികരണം തേടിയപ്പോഴായിരുന്നു സംഭവം.