"ഹാൻസിന്‍റേയും കോപ്പിക്കോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടം, ചപ്പു ചവറുകൾക്ക് കുഴപ്പമില്ല"; പരിഹാസവുമായി ബല്‍റാം
ബോംബേറ് നടന്ന സ്ഥലത്ത് പരിശോധന നടത്തുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ഫോട്ടോ പങ്കു വച്ചാണ് ബല്‍റാമിന്‍റെ പരിഹാസം
എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബേറില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. ഹാൻസിന്‍റേയും കോപ്പിക്കോയുടേയും കവറുകൾക്ക് ഗുരുതരമായ നാശനഷ്ടമുണ്ടായെന്നും ചപ്പു ചവറുകൾക്ക് കുഴപ്പമൊന്നുമില്ലെന്നും ബല്‍റാം ഫെയിസ്ബുക്കില്‍ കുറിച്ചു. ബോംബേറ് നടന്ന സ്ഥലത്ത് പരിശോധന നടത്തുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ഫോട്ടോ പങ്കു വച്ചാണ് ബല്‍റാമിന്‍റെ പ്രതികരണം.
എ.കെ.ജി സെന്‍ററിന് നേരെയുണ്ടായ ബോംബേറ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് വി.ടി ബല്‍റാം നേരത്തേ പറഞ്ഞിരുന്നു. നടന്നത് തീവ്രവാദ പ്രവര്‍ത്തനമാണെന്നും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതണമെന്നും ബല്‍റാം ഫെയ്സ് ബുക്കില്‍ കുറിച്ചു.
എ.കെ.ജി സെന്‍ററിന് നേരെ ഇന്നലെ അർധരാത്രിയിലാണ് ബോംബേറുണ്ടായത്. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
എ.കെ.ജി സെന്‍ററിന്‍റെ പ്രധാന കവാടത്തിൽ പൊലീസ് കാവൽ നിൽക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന് മുൻപ് മറ്റൊരാൾ സ്കൂട്ടറിൽ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ശബ്ദം കേട്ടാണ് നേതാക്കളടക്കമുള്ളവർ ഓടിയെത്തിയത്. രാത്രി തന്നെ പൊലീസ് ഫോറൻസിക് പരിശോധനയടക്കം പൂർത്തീകരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണ വിവരമറിഞ്ഞ് ഘടകകക്ഷി നേതാക്കളും മന്ത്രിമാരും എ.കെ.ജി സെന്‍ററില്‍ എത്തി. ഡി.വൈ.എഫ്. ഐ പ്രവർത്തകർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.