'പഴി കേൾക്കുന്നത് മനസാവാചാ അറിയാത്ത കാര്യത്തിൽ, 12 ദിവസത്തോളം ക്രൂരമായി മർദിച്ചു'; അഖിൽ സജീവൻ
ആരോഗ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫംഗത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ഹരിദാസനും അഖിൽ സജീവും തമ്മിലുള്ള ഫോൺ സംഭാഷണം ഇന്നലെ പുറത്ത് വന്നിരുന്നു
കൊല്ലം: കൈക്കൂലി ആരോപണത്തിൽ മനസാവാചാ അറിയാത്ത കാര്യത്തിലാണ് പഴി കേൾക്കുന്നതെന്ന് അഖിൽ സജീവൻ. ലെനിൻ, ബാസിത്, റായ്സ്, ശ്രീരൂപ് തുടങ്ങിയവർ ചേർന്ന് 12 ദിവസത്തോളം ക്രൂരമായി മർദിച്ചു. ഗതി കെട്ടവനെ ചൂഷണം ചെയ്യുകയാണെന്നും അഖിൽ സജീവൻ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. വാർത്തകൾ തന്റെ ജീവിതത്തെ ബാധിക്കുന്നുണ്ട്. തനിക്ക് ഇതിൽ ഒരു പങ്കില്ല. ബാസിത്, റായ്സ്, ശ്രീരൂപ് എന്നിവർക്കാണ് ഇതിൽ പങ്കുള്ളതെന്നും അഖിൽ സജീവ് പറയുന്നു. കൈക്കൂലിക്കേസിലോ മറ്റ് ആരോപണങ്ങളിലോ തനിക്ക് പങ്കില്ലെന്നും അഖിൽ സജീവ് വീഡിയോയില്‍ പറയുന്നു.
അതേസമയം, ആരോഗ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫംഗത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ഹരിദാസനും ഇടനിലക്കാരൻ അഖിൽ സജീവും തമ്മിലുള്ള ഫോൺ സംഭാഷണം ഇന്നലെ പുറത്ത് വന്നിരുന്നു. നിയമനം ലഭിക്കാത്തതിനെ കുറിച്ച് ഹരിദാസൻ ചൂണ്ടിക്കാട്ടുമ്പോൾ നിയമനം ലഭിക്കുമെന്ന് അഖിൽ സജീവ് ഉറപ്പ് നൽകുന്നു. തന്നെമാത്രം കുറ്റക്കാരനാക്കിയാൽ പറയേണ്ടത് പറഞ്ഞോളാമെന്നും അഖിൽ സജീവ് പറയുന്നുണ്ട്.
വിവരാവകാശ പ്രകാരം ഹോമിയോ വകുപ്പിൽ അന്വേഷിച്ചപ്പോൾ ഒഴിവില്ലെന്നാണ് മറുപടി കിട്ടിയതെന്ന് ഹരിദാസ് പറയുന്നുണ്ട്. എന്നാൽ നിയമനം എന്തായാലും നൽകുമെന്നും അതിനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്നും അഖിൽ സജീവ് പറയുന്നു. രണ്ടാഴ്ച കൂടി സമയം തരണമെന്നും 20 ാം തീയതിക്കകം കാര്യങ്ങൾക്ക് തീരുമാനം ആക്കി തരാമെന്നും അഖിൽ സജീവ് പറയുന്നുണ്ട്. എന്നാല്‍ ഫേസ്ബുക്കിൽ ലൈവ് വീഡിയോ ചെയ്യുമ്പോഴും അഖിൽ സജീവ് എവിടെയാണെന്ന് കണ്ടുപിടിക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.