റിയാസ് മൗലവി വധക്കേസിലെ വിധി: അനീതിക്കെതിരെ മിണ്ടാത്തവർക്ക് തെരഞ്ഞെടുപ്പ് പ്രഹരമാവണം - അൽഹാദി അസോസിയേഷൻ

ഡി.എൻ.എ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ശക്തമായി ഉണ്ടായിട്ടും പ്രതികളെ വെറുതെവിട്ട സംഭവം പൊതുസമൂഹത്തിന്റെ നീതിബോധത്തെ പരിഹസിക്കുന്നതാണെന്ന് അൽഹാദി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Update: 2024-03-31 09:29 GMT
Advertising

തിരുവനന്തപുരം: കാസർകോട് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി ഇരകളിൽ കനത്ത നിരാശ പടർത്തുന്നതാണെന്നും അനീതിക്കെതിരെ നിശബ്ദത പാലിക്കുന്നവർക്ക് തെരഞ്ഞെടുപ്പ് ഒരു പ്രഹരം തന്നെയാവണമെന്നും അൽഹാദി അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. ഏഴു വർഷം മുമ്പ് കാസർകോട് പഴയചൂരി പള്ളിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവി എന്ന യുവപണ്ഡിതനെ യാതൊരു പ്രകോപനവുമില്ലാതെ ആർ.എസ്.എസ് ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവം പണ്ഡിത സമൂഹത്തെയും മഹല്ല് അധികൃതരെയും പൊതു സമൂഹത്തെയും ഞെട്ടിച്ച ദുരന്തമാണ്.

ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടികൂടുകയും 90 ദിവസത്തിനുള്ളിൽ കുറ്റപ്പത്രം നൽകുകയും 97 സാക്ഷികളിൽ ഒരാൾ പോലും കൂറുമാറാതിരിക്കുകയും ഡി.എൻ.എ ഉൾപ്പെടെ ശാസ്ത്രീയ തെളിവുകൾ ശക്തമായി ഉണ്ടാവുകയും ചെയ്തിട്ടും പ്രതികളെ വെറുതെവിട്ട സംഭവം പൊതുസമൂഹത്തിന്റെ നീതിബോധത്തെ പരിഹസിക്കുന്നതാണ്. ഈ സംഭവത്തിൽ വർഗീയ കലാപത്തിന്റെ ഗൂഢാലോചന വ്യക്തമായിരുന്നിട്ടും അന്വേഷണം ആ വഴിക്ക് നീക്കാതെ, പ്രതികളെ രക്ഷിക്കാൻ തന്നെയാണ് അന്വേഷണ സംഘവും പ്രവർത്തിച്ചത്. പ്രതിഭാഗത്ത് സംഘ്പരിവാർ പ്രവർത്തകരാവുമ്പോൾ കേസന്വേഷണത്തിലും മറ്റും വേണ്ടപ്പെട്ടവർ കാട്ടുന്ന അലംഭാവവും പ്രതികൾ മുസ്‌ലിം പേരുകാരാവുമ്പോൾ നടക്കുന്ന പഴുതടച്ച അന്വേഷണവും കടുത്ത വിധി പ്രസ്താവവും ഇരട്ടനീതിയുടെ പ്രകടമായ ലക്ഷണങ്ങളാണ്.

രാജ്യത്തെ മുസ്‌ലിംകളും അടിസ്ഥാന വിഭാഗങ്ങളും നേരിടുന്ന നീതി നിഷേധങ്ങൾക്ക് ഒത്താശ ചെയ്യുകയും തന്ത്രപരമായി കനത്ത മൗനം പാലിക്കുകയും ചെയ്യുന്ന വ്യാജ മതേതര പാർട്ടികളെ തിരിച്ചറിയാനും തെരഞ്ഞെടുപ്പിൽ അത്തരക്കാർക്ക് കനത്ത പ്രഹരമേൽപിക്കാനും സമുദായത്തിന് സാധിക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എസ്. അർഷദ് അൽ ഖാസിമി കല്ലമ്പലത്തിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പനിപ്ര ഇബ്‌റാഹീം ബാഖവി, സൈനുദ്ദീൻ ബാഖവി കല്ലാർ, അർഷദ് നദ്‌വി വെമ്പായം, ഇല്യാസ് മൗലവി ഓച്ചിറ, പി.കെ അബ്ദുൽ ഹാദി മൗലവി സംസാരിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News