ഭിന്നശേഷിക്കാരെ അപമാനിച്ച സംഭവം; ഇ.പി ജയരാജന്‍ മാപ്പ് പറയണമെന്ന് ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍
നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്
കോഴിക്കോട്: നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെതിരെ നടത്തിയ പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ മാപ്പ് പറയണമെന്ന് ആള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍.പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയാറാകണമെന്നും അല്ലാത്തപക്ഷം ജയരാജന്റെ പേരില്‍ ആര്‍പിഡബ്ല്യൂഡി ആക്ട് പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ആള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. തെറ്റ് തിരുത്തിമാപ്പ് പറയാത്ത പക്ഷം മന്ത്രിമാരെ വഴിതടയുന്നതടക്കമുള്ള സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജോയ്ന്‍ സെക്രട്ടറി രതീഷ് വെളിമണ്ണ ജില്ലാപ്രസിഡന്റ് ഷമീര്‍ ചേന്ദമംഗല്ലൂര്‍, ജോസഫ് പിജെ, റഹീം ഈങ്ങാപ്പുഴ, മുഹമ്മദ് ഷെരീഫ് മുക്കം എന്നിവര്‍ സംബന്ധിച്ചു.
നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിനാണ് മര്‍ദനമേറ്റത്. മർദ്ദനത്തിന് വരുന്ന സമയത്ത് കാൽ ഉണ്ടോ കൈ ഉണ്ടോ എന്ന ആരും നോക്കില്ലെന്നും വികലാംഗനെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നതെന്നുമായിരുന്നു ജയരാജന്‍റെ പ്രതികരണം.
നടക്കാൻ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റാണെന്നും ഇതെല്ലാം നിരാശ ബാധിച്ച കോൺഗ്രസിന്‍റെ ഒരു വിഭാഗത്തിന്‍റെ പണിയാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഒരു വികലാംഗന്‍റെ പണിയാണോ കൊടിയും പിടിച്ചു മുഖ്യമന്ത്രിയുടെ കാറിന്‍റെ മുന്നില്‍ പോകുന്നത്. നടക്കാൻ വയ്യാത്ത ആ പാവത്തിനെ പിടിച്ചുകൊണ്ടുവന്നു കറുത്ത കൊടിയും കൊടുത്തു മുഖ്യമന്ത്രിയുടെ വണ്ടിക്കു മുന്നിലേക്കു തള്ളുന്നവർക്കെതിരെയാണു വികാരം ഉയരേണ്ടത്. ആ പാവം ചെറുപ്പക്കാരനെ എന്തിനാണു കോൺഗ്രസുകാർ ക്രൂരതയ്ക്ക് എറിഞ്ഞുകൊടുക്കുന്നത്? അതിനു പകരം വി.ഡി സതീശനോ കെ.സുധാകരനോ പോയി തല്ലുകൊള്ളൂ. അവരാരും ഉണ്ടാകില്ല. വടി കാണുമ്പോൾ തന്നെ അവർ ഓടുമല്ലോ. സ്ത്രീകളെയടക്കം കൊണ്ടുവന്ന് അക്രമത്തിനു പ്രേരിപ്പിക്കരുതെന്നുമാണ് ജയരാജന്‍ പറഞ്ഞത്.