കണ്ണൂരിൽ മൃഗബലി നടത്തിയെന്ന ആരോപണം; സാധ്യതയില്ലെന്ന് ദേവസ്വം മന്ത്രി
കർണാടക സർക്കാരിനെതിരെ തളിപ്പറമ്പിലെ ക്ഷേത്രത്തിന് സമീപം വിവിധ യാഗങ്ങളും മൃഗബലിയും നടത്തിയെന്നായിരുന്നു ഡി.കെ ശിവകുമാർ ആരോപിച്ചത്
തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത് - ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കർണാടക സർക്കാരിനെതിരെ കണ്ണൂരിൽ ശത്രുസംഹാര പൂജ നടത്തിയെന്നായിരുന്നു ഡി.കെ ശിവകുമാർ ആരോപിച്ചത്. തളിപ്പറമ്പിലെ ക്ഷേത്രത്തിന് സമീപം വിവിധ യാഗങ്ങളും മൃഗബലിയും നടത്തിയെന്നും കർണാടകയിലെ മുതിർന്ന രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിലെന്നുമാണ് ശിവകുമാറിന്റെ ആരോപണം.
ആരോപണത്തിന് പിന്നാലെ കർണാടക ഇന്റലിജൻസ് കണ്ണൂരിലെത്തി വിവരങ്ങൾ ശേഖരിച്ചു. തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യക്കും എതിരെയാണ് പൂജ നടത്തിയത് എന്നാണ് ഡി.കെ ശിവകുമാർ ആരോപിക്കുന്നത്. 21 ആട്, 10 പോത്ത്, അഞ്ച് പന്നി, കോഴി എന്നിവയെയാണ് ബലി നൽകിയത്.
എന്നാൽ മൃഗബലി നടത്തുന്ന ക്ഷേത്രങ്ങൾ കണ്ണൂരിലില്ല എന്നാണ് വിവരം. ഏതെങ്കിലും പൂജാരിമാരെ ഉപയോഗിച്ച് സ്വകാര്യമായി പൂജയും മൃഗബലിയും നടത്തിയിരിക്കാമെന്നാണ് സൂചന. കർണാടകയിലെ മുൻ മുഖ്യമന്ത്രിയായ ഒരാളും പ്രമുഖ ബി.ജെ.പി നേതാവും കണ്ണൂരിലെ ക്ഷേത്രത്തിലെത്തിയതായി കർണാടക ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ എന്തിനാണ് എത്തിയതെന്ന് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.