ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ അണുബാധ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ്മൂലം വീട്ടമ്മ മരിച്ചതായി ആരോപണം
പേരാമ്പ്ര സ്വദേശി വിലാസിനിയാണ് മരിച്ചത്


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവ്മൂലം വീട്ടമ്മ മരിച്ചതായി ആരോപണം. പേരാമ്പ്ര സ്വദേശി വിലാസിനിയാണ് മരിച്ചത്. ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ അണുബാധയുണ്ടായെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ശസ്ത്രക്രിയക്കിടെ കുടൽ മുറിഞ്ഞതിനെത്തുടർന്ന് അണുബാധയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിലാസിനിക്ക് ഗർഭാശയം മാറ്റുന്ന ശസ്ത്രിക്രിയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃ-ശിശു ആശുപത്രിയില്‍ നടന്നത്. ശസ്ത്രക്രിയക്കിടെ കുടലിന് പരിക്കേറ്റതായി ഡോക്ടർ തന്നെ പറഞ്ഞതായാണ് ബന്ധുക്കള്‍ പറയുന്നത്. ശസ്ത്രക്രിയയുടെ രണ്ടാം ദിവസം ഖര ആഹാരം കൊടുത്ത് രണ്ട് മണിക്കൂർ കഴിഞ്ഞതോടെ വയർ വേദനയും അസ്വസ്ഥതയും ആരംഭിച്ചു. വൈകിട്ട് ഐസിയുവിലേക്ക് മാറ്റി. കുടലിലെ ക്ഷതം പരിഹരിക്കാന്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി ഇന്ന് രാവിലെ മരണപ്പെട്ടു. കുടലിലെ ക്ഷതം ഗൗരവത്തിലെടുക്കാത്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കുകയാണ് കുടുംബം.
അതേസമയം, കുടലിലുണ്ടായ ക്ഷതത്തിലൂടെയുള്ള ലീക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും ചികിത്സാ പിഴവല്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.ശസ്ത്രക്രിയക്കിടെയാണ് കുടലിലെ ക്ഷതം കണ്ടെത്തിയതെന്നും തുടർ ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗിയെ രക്ഷിക്കാനയില്ലെന്നും ഐ എം സി എച്ച് വിശദീകരിക്കുന്നു. ആരോഗ്യവകുപ്പിനും പൊലീസിനും പരാതി നല്കി മുന്നോട്ട് പോകാനാണ് വിലാസിനിയുടെ ബന്ധുക്കളുടെ തീരുമാനം.