ക്യാമറയിൽ കണ്ടത് മനുഷ്യശരീരമല്ല; തെരച്ചിൽ തുടരുന്നു, കനാലിന് ഒട്ടേറെ സമാന്തര ടണലുകൾ
മനുഷ്യന്റെ കാൽ പോലെ തോന്നിക്കുന്ന ദൃശ്യങ്ങളാണ് ടണലിലൂടെ കടത്തി വിട്ട ക്യാമറയിൽ പതിഞ്ഞത്
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനത്തിനിടെ ക്യാമറയിൽ പതിഞ്ഞത് മനുഷ്യശരീരത്തിന്റെ ദൃശ്യങ്ങളല്ലെന്ന് സ്ഥിരീകരണം. ദൃശ്യങ്ങൾ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടേതെന്ന നിഗമനമുണ്ടായിരുന്നെങ്കിലും ഇത് മനുഷ്യശരീരമേ അല്ലെന്ന് സ്‌കൂബാ ഡൈവിങ് സംഘം സ്ഥിരീകരിക്കുകയായിരുന്നു. അടിഞ്ഞു കൂടിയ മാലിന്യം തന്നെയാണിതെന്നാണ് സ്‌കൂബാ ടീമിന്റെ സ്ഥിരീകരണം.
മനുഷ്യന്റെ കാൽ പോലെ തോന്നിക്കുന്ന ദൃശ്യങ്ങളാണ് തോട്ടിലെ ടണലിലൂടെ കടത്തി വിട്ട ക്യാമറയിൽ പതിഞ്ഞത്. തുടർന്ന് സ്‌കൂബാ ടീം ടണലിനുള്ളിൽ പ്രവേശിക്കുകയും ഇത് മാലിന്യമാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ജോയിക്കായുള്ള തെരച്ചിൽ 27 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. നേവി സംഘം ഉടനെത്തുമെന്നാണ് വിവരം. മാലിന്യം നീക്കുന്ന ശ്രമങ്ങൾ തന്നെയാണ് നിലവിലും നടക്കുന്നത്.
അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലെ മാൻഹോൾ വഴിയിറങ്ങി പരിശോധന നടത്തുക എന്നതാണ് ഇനിയുള്ള വെല്ലുവിളി. കനാലിന്റെ ടണലുകളിലേക്കുള്ള പ്രധാനവഴിയായി രണ്ട് മാൻഹോളുകളാണ് ആകെയുള്ളത്. ഇതിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപമുള്ള മാൻഹോൾ വഴിയായിരുന്നു ഇതുവരെ പരിശോധനകളത്രയും. കനാലിന്റെ ഇരുവശത്തേക്കും നാല്പ്പത് മീറ്ററോളം ദൂരത്തിൽ തെരച്ചിൽ നടത്താൻ ഇതുവരെ സാധിച്ചിട്ടുണ്ട്. അഞ്ചാം പ്ലാറ്റ്‌ഫോമിന് സമീപം വരെ തെരച്ചിൽ എത്തുകയും ചെയ്തു. എന്നാൽ പാറപോലെ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം തുടർന്നുള്ള തെരച്ചിലിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ഇവിടെ സ്‌കൂബാ ടീമിന് ഇറങ്ങാനുള്ളത്ര വെള്ളം പോലും ഇല്ലെന്നാണ് വിവരം. അതുകൊണ്ടു തന്നെ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിലുള്ള മാൻഹോളിൽ ഇറങ്ങിയാൽ തെരച്ചിൽ എത്രത്തോളം പ്രായോഗികമാണ് എന്നതാണ് ആശങ്ക.
തുടക്കത്തിൽ ജോയിയെ കാണാതായി എന്ന് കരുതുന്ന സ്ഥലത്ത് നെറ്റ് സ്ഥാപിച്ചായിരുന്നു രക്ഷാപ്രവർത്തനം. ജോയി ഒഴുകിപ്പോയിട്ടുണ്ടെങ്കിൽ തടഞ്ഞ് നിർത്താനാവുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇത് നടന്നില്ല. എന്നാൽ തെരച്ചിൽ പുരോഗമിക്കവേയാണ് കനാലിന് നിരവധി സമാന്തര ടണലുകളുണ്ടെന്ന് വ്യക്തമാകുന്നത്. റെയിൽവേ സ്‌റ്റേഷന് അടിയിലൂടെ 150 മീറ്റർ മാത്രം ദൂരത്തിലാണ് കനാൽ ഒഴുകുന്നതെങ്കിലും സമാന്തര ടണലുകളുണ്ടെന്ന തിരിച്ചറിവ് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.