കോഴിക്കോട് നഗരത്തിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
50,000 രൂപ കവർന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഘത്തിൽ കൃത്യം എത്രപേരുണ്ട് എന്ന വിവരം പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. മുഹമ്മദ് റാഫിയെന്ന ഒരു ജീവനക്കാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.
കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് പണം കവർന്നു. ഇന്നലെ അർധരാത്രിയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായി. മുളകുപൊടി എറിഞ്ഞാണ് അജ്ഞാതൻ ജീവനക്കാരനെ വീഴ്ത്തിയത്.
50,000 രൂപ കവർന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഘത്തിൽ കൃത്യം എത്രപേരുണ്ട് എന്ന വിവരം പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. മുഹമ്മദ് റാഫിയെന്ന ഒരു ജീവനക്കാരൻ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇയാളെ അക്രമിച്ച് കീഴടക്കിയാണ് പണം കവർന്നത്. പരിക്കേറ്റ ജീവനക്കാരനെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കറുത്ത മുഖം മൂടിയും വസ്ത്രങ്ങളും ധരിച്ച ഒരാളാണ് അർധരാത്രി ഒരുമണിയോടെ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചുകയറിയത്. പെട്രോൾ പമ്പിലെ ജീവനക്കാരനും ഇയാളും തമ്മിൽ മൽപിടുത്തമുണ്ടായി. ജീവനക്കാരനെ ഇയാൾ ക്രൂരമായി മർദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ ജീവനക്കാരന്റെ കൈ തുണികൊണ്ട് കെട്ടിയിട്ട് ഇയാൾ ഓഫീസാകെ പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം പമ്പിൽ സൂക്ഷിച്ചിരുന്ന പണവുമായി രക്ഷപ്പെടുകയായിരുന്നു.