അനിൽ ആന്റണി പ്രതിരോധ മന്ത്രിയുടെ വസതിയിലെ നിർണായക രേഖകൾ വിറ്റു: ദല്ലാൾ നന്ദകുമാർ

‘ഇത് പിടിക്കപ്പെടാതിരിക്കാനാണ് ബി.ജെ.പിയിൽ ചേർന്നത്’

Update: 2024-04-09 14:47 GMT
Advertising

കൊച്ചി: കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ദല്ലാൾ നന്ദകുമാർ. പ്രതിരോധ മന്ത്രിയുടെ വസതിയിലെ നിർണായക രേഖകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് പലർക്കും വിറ്റെന്നാണ് ആരോപണം.

ഒന്നാം യു.പി.എ സർക്കാറിന്റെ അവസാന കാലത്തും രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്തും ഡൽഹിയിലെ അറിയപ്പെടുന്ന ബ്രോക്കറായിരുന്നു അനിൽ ആന്റണി. സി.ബി.ഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിന് തന്റെ കയ്യിൽ നിന്ന് 25 ലക്ഷം രൂപ വാങ്ങി. നിയമനം ലഭിച്ചില്ല, പണം തിരിച്ചു തന്നതുമില്ല.

പി.ടി. തോമസ് ഇടപെട്ടാണ് പണം നൽകിയത്. അനിൽ ആന്റണി നിഷേധിച്ചാൽ സംവാദത്തിന് തയ്യാറാണെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.

പിതാവ് എ.കെ. ആന്റണിയെ വെച്ച് വിലപേശി പണം വാങ്ങിയ ആളാണ് അനിൽ ആന്റണി. പി.ജെ കുര്യനും ഉമ തോമസിനും ഇക്കാര്യങ്ങൾ അറിയാം.

അതീവരഹസ്യമുള്ള പ്രതിരോധ ഫയലുകളാണ് ഫോട്ടോ എടുത്ത് നൽകിയത്. ചില പ്ര​തിരോധ രേഖകൾ പുറത്തുപോയി. ഇത് പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത്.

താൻ പറഞ്ഞ കാര്യം എ.കെ. ആന്റണിയെ അറിയിച്ചു എന്നാണ് പി.ജെ. കുര്യൻ പറഞ്ഞത്. 2013 ഏപ്രിലിലാണ് താൻ പണം നൽകിയത്. എൻ.ഡി.എ സർക്കാറിന്റെ ആദ്യ വർഷമാണ് പണം തിരിച്ചുകിട്ടിയത്. നിഷേധിച്ചാൽ തെളിവ് പുറത്ത് വിടും.

ബ്രൗൺ കളർ ഹോണ്ട സിറ്റി കാറിൽ ആന്റണിയുടെ പ്രൈവറ്റ് സെക്രട്ടറിയോടൊപ്പം അശോക ഹോട്ടലിൽ എത്തിയാണ് പണം തന്റെ കയ്യിൽനിന്ന് വാങ്ങിയതെന്നും ദല്ലാൾ നന്ദകുമാർ ആരോപിച്ചു.

​അതേസമയം, ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾ അനിൽ ആന്റണി നിഷേധിച്ചു. ആന്റോ ആന്റണിയെന്ന രാജ്യവിരുദ്ധനും അദ്ദേഹത്തോടൊപ്പമുള്ള കോ​ൺഗ്രസുകാരുമാണ് ഇതിന് പിന്നിലെന്നും അനിൽ ആന്റണി പറഞ്ഞു.

Full View
Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News