'10 ബിറ്റ്കോയിൻ നൽകണം'; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി
വിമാനത്താവളത്തിൽ കനത്ത സുരക്ഷ
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഇന്നലെ ഭീഷണി സന്ദേശം എത്തിയ അതേ ഇ-മെയിലിൽ നിന്നാണ് ഇന്നും ഭീഷണി എത്തിയത്. പത്ത് ബിറ്റ്കോയിൻ നൽകണമെന്നും അല്ലാത്ത പക്ഷം മനുഷ്യ ബോംബുമായി വിമാനത്താവളത്തിലേക്കെത്തുമെന്നാണ് ഭീഷണി. ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല.
ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താനാവാതെ പൊലീസ് അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഭീഷണി സന്ദേശമയച്ചയാളെ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സന്ദേശം ലഭിച്ചയുടനെ തന്നെ വിമാനത്താവളത്തിൽ സി.എ.എസ്.എഫ് സേനയുടെ നേതൃത്വത്തിൽ വലിയ സുരക്ഷയാണൊരുക്കിയിരിക്കുന്നത്. നേരത്തെ വ്യാജ ഇ-മെയിൽ ഐഡികൾ ഉപയോഗിച്ച് ഭീഷണി സന്ദേശമയച്ചവരെ ഉൾപ്പെടെ അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് തീരുമാനം. ഏതെങ്കിലും തമാശ രൂപേണയോ അല്ലെങ്കിൽ പ്രത്യേക ലക്ഷ്യംവെച്ചാണോ ഇത്തരത്തിൽ സന്ദേശമയച്ചതെന്ന് വ്യക്തമാവണമെങ്കിൽ ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണം.