'സി.പി.എം നേതാക്കള്‍ തെറ്റിദ്ധാരണ പരത്തുന്നു'; കമ്പമലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ്ടും മാവോയിസ്റ്റ് സന്ദേശം

കമ്പമലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്താ കുറിപ്പിൽ സി.പി.എം നേതാക്കളായ സി.കെ.ശശീന്ദ്രനും പി.ഗഗാറിനുമെതിരെ പരാമർശമുണ്ട്

Update: 2023-10-11 15:39 GMT
Advertising

കൽപ്പറ്റ: മാധ്യമപ്രവർത്തകർക്ക് വാര്‍ത്താ കുറിപ്പുമായി മാവോയിസ്റ്റുകള്‍. അജ്ഞാത നമ്പറില്‍ നിന്നാണ് വാര്‍ത്താകുറിപ്പ് അയച്ചത്. കമ്പമലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്താ കുറിപ്പിൽ സിപിഎം നേതാക്കളായ സി.കെ.ശശീന്ദ്രനും പി.ഗഗാറിനുമെതിരെ പരാമർശമുണ്ട്. സി.പി.ഐ മാവോയിസ്റ്റ് കബനി ഏരിയ സമിതിയുടെ പേരിലാണ് വാര്‍ത്താ കുറിപ്പ്. മീഡിയ വൺ റിപ്പോർട്ടറടക്കം മൂന്നു പേർക്കാണ് മാവോയിസ്റ്റുകളുടെ സന്ദേശം ലഭിച്ചത്.


തൊഴിലാളി പക്ഷത്ത് നിന്ന് മാവോയിസ്റ്റുകള്‍ ഉയര്‍ത്തിയ വിഷയങ്ങളോട് രാഷ്ട്രീയ പ്രതികരണം നടത്തുന്നില്ലെന്നും തരം താണ നുണ പ്രചരണമാണ് എസ്റ്റേറ്റ് മാനേജ്മെന്‍റും തൊഴിലാളി സംഘടനകളും നടത്തുന്നതെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. തണ്ടര്‍ബോള്‍ട്ടും പൊലീസും പാടികളില്‍ കയറിയിറങ്ങി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയാണ്. സി.പി.എം നേതാക്കള്‍ തൊഴിലാളിയോഗം വിളിച്ച് തെറ്റിധാരണ പരത്തുന്നു. ചില തൊഴിലാളികളെ ഭയപ്പെടുത്തി സി.ഐ.ടിയും സംഘപരിവാര്‍ സംഘടനയും ചേര്‍ന്നാണ് പണിമുടക്കിയതെന്നും 40 വര്‍ഷക്കാലമായി തൊഴിലാളികളെ വഞ്ചിച്ചവരാണ് പണിമുടക്കിയതെന്നും ആരോപണമുണ്ട്.


ഭയംകൊണ്ടാണ് തൊഴിലാളികള്‍ സമരത്തിന് നിന്ന് കൊടുത്തത്. പൊലീസും തണ്ടര്‍ബോള്‍ട്ടും തൊഴിലാളികളെ ഭയപ്പെടുത്തുകയാണ്. പാടികളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചത് തൊഴിലാളികളെ സൈനിക വലയത്തിലാക്കാനാണെന്നും പറയുന്ന വാര്‍ത്താ കുറിപ്പ് അവസാനിക്കുന്നത് മാവോയിസ്റ്റ് പോരാട്ടങ്ങളെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News