പശുവിനെ കൊന്നു; വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം
റോഡിന് സമീപത്ത് മേയാൻ വിട്ട പശുവിനെ ഇന്നലെ വൈകിട്ട് മുതൽ കാണാതാവുകയായിരുന്നു
കൽപ്പറ്റ:വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. സുൽത്താൻബത്തേരി പഴൂരിൽ കടുവ പശുവിനെ കൊന്നു. കോട്ടുകര കുര്യാക്കോസിന്റെ ഒന്നര വയസുള്ള പശുവിനെയാണ് കടുവ കൊന്നത്. വീടിനു സമീപത്തുള്ള കാട്ടിലാണ് പാതി ഭക്ഷിച്ച പശുവിന്റെ ജഡം കണ്ടത്. റോഡിന് സമീപത്ത് മേയാൻ വിട്ട പശുവിനെ ഇന്നലെ വൈകിട്ട് മുതൽ കാണാതാവുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.
അതേസമയം, പുൽപ്പള്ളി മുള്ളൻകൊല്ലിയിൽ രണ്ട് മാസമായി ഭീതി പരത്തിയ കടുവ കഴിഞ്ഞ മാസം കൂട്ടിലായിരുന്നു. ഫെബ്രുവരി 26ന് രാവിലെ ക്യാമറ പരിശോധിക്കാനെത്തിയ വനപാലകരാണ് കടുവ കൂട്ടിലായത് കണ്ടത്. രണ്ടുമാസമായി ജനവാസ മേഖലയിൽ കടുവയുടെ ആക്രമണം തുടരുകയായിരുന്നു. രണ്ടാഴ്ചക്കിടെ അഞ്ച് വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നിരുന്നത്.
നാല് കൂടുകൾ സ്ഥാപിച്ചിട്ടും കടുവ കൊണിയിലാവാത്ത പശ്ചാത്തലത്തിൽ മയക്കുവെടിവെച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്.