എട്ട് മാസം തുടർച്ചയായി റാഗിങ്ങിന് ഇരയായി; സിദ്ധാർഥന്റെ മരണത്തിൽ ആന്റി റാഗിങ് സ്‌ക്വാഡിന്റെ റിപ്പോർട്ട്
പാഠ്യ - പാഠ്യേത രംഗങ്ങളിലെല്ലാം കാമ്പസിൽ സജീവമായിരുന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർച്ചയായ റാഗിങ്
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ആന്റി റാഗിങ് സ്‌ക്വാഡിന്റെ അന്തിമ റിപ്പോർട്ട് പുറത്ത്. മരിച്ച സിദ്ധാർഥൻ സ്ഥിരമായി റാഗിങ്ങിന് ഇരയാകാറുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. പാഠ്യ - പാഠ്യേത രംഗങ്ങളിലെല്ലാം കാമ്പസിൽ സജീവമായിരുന്ന സിദ്ധാർഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർച്ചയായ റാഗിങ് എന്നാണ് റിപ്പോർട്ട് പറയുന്നത്. എസ്.എഫ്.ഐ. നേതാക്കളടക്കമുള്ളവർ എട്ട് മാസം തുടർച്ചയായി സിദ്ധാർഥനെ റാഗ് ചെയ്തിരുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലടങ്ങുന്നതാണ് ആന്റി റാഗിങ് സ്‌ക്വാഡിന്റെ അന്തിമ റിപ്പോർട്ട്.
കാമ്പസിലെ ഹോസ്റ്റലിൽ താമസം തുടങ്ങിയതു മുതൽ റാഗിങ് ആരംഭിച്ചു. കോളജ് യൂണിയൻ പ്രസിഡന്റും എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയിൽ എല്ലാദിവസവും റിപ്പോർട്ട് ചെയ്യാനും ഒപ്പിട്ട് മടങ്ങാനും സിദ്ധാർഥനോട് ആവശ്യപ്പെട്ടിരുന്നു. മുറിയിൽവച്ച് പലതവണ നഗ്‌നനാക്കി റാഗ് ചെയ്തിരുന്നുവെന്ന് സിദ്ധാർഥൻ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിനു മൊഴി നൽകി. ജന്മദിന തലേന്ന് രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണിൽ സിദ്ധാർഥനെ കെട്ടിയിട്ടു. തൂണിനു ചുറ്റും പെട്രോൾ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഈ സംഭവങ്ങൾക്കു ശേഷം ഹോസ്റ്റലിലെ പാചകക്കാരൻ ജോലി രാജിവച്ചെന്നും കാമ്പസിലെ സുരക്ഷാ ജീവനക്കാരിൽ ചിലർ സ്‌ക്വാഡിനു മൊഴി നൽകാൻ തയാറായില്ലെന്നും റിപ്പോർട്ടിലുണ്ട്. സിദ്ധാർഥൻ മരിക്കുന്നതിനു മുൻപ് നേരിട്ട പീഡനങ്ങൾ ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് റിപ്പോർട്ടിലെ കണ്ടത്തലുകൾ വ്യക്തമാക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോർട്ട് വി.സിക്ക് നൽകാനാണു തീരുമാനം.