'സ്ത്രീവിരുദ്ധ പരാമർശം': കോടിയേരിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി

എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ, എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു പി.എച്ച് എന്നിവരാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കമ്മീഷനിൽ പരാതി നൽകിയത്

Update: 2022-03-05 11:59 GMT
Editor : Shaheer | By : Web Desk
Advertising

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വനിതാ കമ്മീഷനിൽ പരാതി. സി.പി.എമ്മിന്റെ പുതിയ ഭാരവാഹി പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്‌ലിയ, എം.എസ്.എഫ് വനിതാ വിഭാഗം ഹരിതയുടെ സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു പി.എച്ച് എന്നിവർ കമ്മീഷനിൽ പരാതി നൽകിയത്.

സി.പി.എമ്മിന്റെ പുതിയ കേരള സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം നിലവിൽവന്നിരുന്നു. സെക്രട്ടറിയായി ചുമതലയേറ്റ കൊടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഏറെ ഗുരുതരവും പൊതുപ്രവർത്തകരായ സ്ത്രീകളെ അവഹേളിക്കുന്ന തരത്തിലുള്ളതുമാണ്. മാധ്യമങ്ങളോട് പ്രതികരിക്കവെ കമ്മിറ്റിയിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണമുണ്ടാകുമോ എന്ന ചോദ്യത്തിന് നിങ്ങൾ ഈ പാർട്ടി കമ്മിറ്റിയെ തകർക്കാനാണോ ഉദ്ദേശിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. ഇത് പൊതുപ്രവർത്തകരായ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടിയേരിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ഫാത്തിമ തഹ്‌ലിയ പരാതിയിൽ ആവശ്യപ്പെട്ടു.

മാധ്യമങ്ങളോട് മറുപടി പറയുമ്പോൾ കോടിയേരിയുടെ ശരീരഭാഷ സ്ത്രീവിരുദ്ധമായിരുന്നുവെന്ന് ആയിഷ ബാനു പരാതിയിൽ പറഞ്ഞു. പരാമർശം കേട്ടുനിന്നവരിൽ പലരും പരിഹാസത്തോടെ ചിരിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. കോടിയേരിയുടെ പരാമർശം വനിതാ കമ്മീഷൻ ആക്ടിലെ അധാർമിക നടപടിയുടെ ഭാഗമാണ്. 50 ശതമാനം സ്ത്രീ പ്രാതിനിധ്യമുണ്ടാകുമ്പോൾ ഒരു കമ്മിറ്റി തകരും എന്ന രീതിയിലുള്ള പരാമർശം ലിംഗനീതിക്ക് എതിരായിട്ടുള്ളതും സ്ത്രീ സമൂഹത്തെ ഒന്നാകെ അവഹേളിക്കുന്നതുമാണ്. ഇതിനെതിരെ അന്വേഷണം നടത്തി പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കണമെന്ന് ആയിഷ ബാനു ആവശ്യപ്പെട്ടു.

Summary: 'Anti-women statement': Complaint against Kodiyeri Balakrishnan in the Women's Commission by MSF women leaders

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News