എ.കെ.ജി സെന്റർ ആക്രമണം: പ്രതി നവ്യയ്ക്ക് മുൻകൂർ ജാമ്യം
ഏഴു ദിവസം അന്വേഷണസംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ നാലാംപ്രതി ടി നവ്യയ്ക്ക് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.
ഏഴു ദിവസം അന്വേഷണസംഘത്തിന് മുമ്പിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് മുൻകൂർ ജാമ്യം. വ്യാഴാഴ്ച മുതലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടത്. അതേസമയം, കേസിലെ രണ്ടും മൂന്നും പ്രതികളായ സുഹൈൽ, സുബീഷ് എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സ്ഫോടകവസ്തു എറിഞ്ഞ ജിതിനെ നേരിട്ട് സഹായിച്ച ആളാണ് നവ്യയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ആക്രമണത്തിന് വാഹനവും സ്ഫോടക വസ്തുവും ജിതിന് കൈമാറിയത് നവ്യയാണെന്ന് അന്വേഷണസംഘം പറയുന്നു. ആക്രമണത്തിന് ശേഷം തിരികെയെത്തിച്ച സ്കൂട്ടർ കൊണ്ടുപോയതും നവ്യയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കേസിലെ പ്രതി ജിതിന് ഒക്ടോബർ 21ന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ജിതിൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ട്രോളുകൾക്കുമൊടുവിൽ സെപ്തംബർ 22നാണ് ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. ജിതിന് എ.കെ.ജി സെന്ററിന് മുന്നിലേക്ക് പോകാന്‍ സ്‌കൂട്ടര്‍ കഴക്കൂട്ടത്തുനിന്ന് ഗൗരീശപട്ടംവരെ എത്തിച്ചുകൊടുത്തത് നവ്യയാണ്. ആക്രമണത്തിന് ശേഷം ജിതിന്‍ തിരിച്ചുവരുന്നതുവരെ ഗൗരീശപട്ടത്ത് കാറില്‍ കാത്തിരിക്കുകയായിരുന്നു നവ്യ. ഇരുവരും ഒരുമിച്ചാണ് അവിടെനിന്ന് രക്ഷപ്പെട്ടതെന്നും അന്വേഷണ സംഘം പറഞ്ഞിരുന്നു.