ഗവർണറെ കണ്ട് അൻവർ; നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ ബോധ്യപ്പെടുത്തിയെന്ന് വിശദീകരണം
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് മാറ്റി ചെയ്തയാളെ അറിയാമെന്നും അത് പിന്നീട് പറയാമെന്നും അൻവർ മാധ്യമങ്ങളോട്
തിരുവനന്തപുരം: നാട് നേരിടുന്ന ചില പ്രശ്നങ്ങൾ ഗവർണറെ കണ്ട് ബോധ്യപ്പെടുത്തിയെന്ന് പി.വി അൻവർ എംഎൽഎ. ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മോറൽ റെസ്‌പോൺസിബിലിറ്റിയാണെന്നും ഗവർണ്ണറുടെത് നല്ല പ്രതികരണമായിരുന്നുവെന്നും അൻവർ പറഞ്ഞു. രാജ്ഭവനിലെത്തി ഗവർണറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വോട്ട് ബോധപൂർവ്വം മാറ്റി ചെയ്തിട്ടുണ്ടെന്നും അത് ആരാണെന്ന് വ്യക്തമാണെന്നും എന്നാൽ ഇപ്പോൾ തുറന്നു പറയുന്നില്ലെന്നും അൻവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഡിവോഴ്സ് കഴിഞ്ഞ് ഉടനെ എല്ലാം തുറന്ന് പറയാൻ ആവില്ലല്ലോ എന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വിശദീകരണം. ഇനിയും കൂടുതൽ കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് നാളെ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ തനിക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും അൻവർ പറഞ്ഞു. നിലവിൽ പ്രതിപക്ഷത്തോടൊപ്പമാണ് ഇരിപ്പിടം തന്നിരിക്കുന്നതെന്നും എന്നാൽ അവരോടൊപ്പം ഇരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സ്വതന്ത്രനാണ്, എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് താനാണ്. അതിന് സ്പീക്കർ കൂര കെട്ടി തരേണ്ടതില്ല. അൻവർ കൂട്ടിച്ചേർത്തു.