പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്ത്, സി.പി.എം നേതാക്കളോട് ക്ഷമാപണം നടത്തി -എസ്. രാജേന്ദ്രൻ
‘ബി.ജെ.പിയിലേക്ക് ക്ഷണിച്ചപ്പോൾ ഇപ്പോൾ ഇല്ലെന്ന് അറിയിച്ചു’
കൊച്ചി: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായെന്ന് സി.പി.എം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ഇക്കാര്യത്തിൽ സി.പി.എം നേതാക്കളോട് ക്ഷമാപണം നടത്തി. ജാവഡേക്കർ ബി.ജെ.പിയിലേക്ക് ക്ഷണിച്ചപ്പോൾ ഇപ്പോൾ ഇല്ലെന്ന് അറിയിച്ചു.
നേരത്തെ തന്നെ അദ്ദേഹത്തെ പരിചയമുണ്ട്. വിവാഹം ക്ഷണിക്കാനാണ് പോയത്. കൂട്ടത്തിൽ രാഷ്ട്രീയവും സംസാരിച്ചു. ഇതോടൊപ്പം തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളും യാദൃശ്ചികമായി ഉന്നയിച്ചു.
നേതാക്കളുമായുള്ള പ്രശ്നം പരിഹരിക്കാതെ സി.പി.എം അംഗത്വം പുതുക്കില്ല. തന്റെ നിലപാടിൽ മാറ്റമൊന്നുമില്ല.
സി.പി.എം നേതാക്കൾ ഇന്നലെ രാത്രി തന്നെ ബന്ധപ്പെട്ടിരുന്നു. ടി.വിയിൽ തന്നെ ഇങ്ങനെ ഇരുന്നാൽ മതിയോ എന്ന് ചോദിച്ചു. പ്രകാശ് ജാവഡേക്കറുമൊത്തുള്ള ഫോട്ടോ പ്രചരിച്ചത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്നും എസ്. രാജേന്ദ്രൻ പറഞ്ഞു.
അതേസമയം, എസ്. രാജേന്ദ്രന് പാർട്ടി കൂച്ചുവിലങ്ങിടില്ലെന്ന് സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വർഗീസ് വ്യക്തമാക്കി. ഡൽഹിയിൽ പോയതിന്റെ വിശദീകരണം രാജേന്ദ്രൻ നൽകിയതോടെ ആ വിഷയം അവസാനിച്ചു.
അദ്ദേഹം സി.പി.എം വിട്ടുപോകുമെന്ന വാദം അടഞ്ഞ അധ്യായമാണ്. മാർച്ച് 31 മുതൽ അദ്ദേഹം എൽ.ഡി.എഫ് സ്ഥാനാർഥിക്കായി പ്രചാരണ രംഗത്ത് ഉണ്ടാകുമെന്നും സി.വി. വർഗീസ് പറഞ്ഞു.