കണ്ണൂർ വി.സി നിയമനം: സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ
ഹരജി ഫയലിൽ സ്വീകരിക്കാതെ തന്നെ സിംഗിള്‍ ബെഞ്ച് ഇന്നലെ തള്ളുകയുണ്ടായി
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം ശരിവെച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഹരജിക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. യുജിസി ചട്ടങ്ങളും സർക്കാർ നിലപാടും ചേർന്നു പോകുന്നതല്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി. ഹരജി നാളെ പരിഗണിച്ചേക്കും.
സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിലംഗം ഡോ. ഷിനോ.പി ജോസ് എന്നിവരാണ് ഹരജി നൽകിയത്. കഴിഞ്ഞ നവംബർ 24ന് കാലാവധി കഴിഞ്ഞതോടെ വി.സിയെ വീണ്ടും നിയമിച്ചു. കാലാവധി നീട്ടുകയല്ല, പുനർനിയമനം നടത്തുകയാണ് ചെയ്തത്. നടപടിക്രമങ്ങൾ പാലിച്ചല്ല നിയമനം നടത്തിയത് എന്നായിരുന്നു ഹരജിയിലെ വാദം.
എന്നാൽ ഹരജി ഫയലിൽ സ്വീകരിക്കാതെ തന്നെ കോടതി തള്ളി. പുനര്‍നിയമനത്തിന് പ്രായപരിധി ബാധകമല്ലെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. സാധാരണ നിലയിൽ ഇത്തരം നിയമനങ്ങൾ നടത്താറുണ്ടെന്ന് വി.സി പ്രതികരിച്ചു. നിയമനം ശരിയാണന്ന തന്‍റെ നിലപാട് കോടതി അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.