തരൂരിന് വേദിയൊരുക്കുന്നതിനെ ചൊല്ലി കോട്ടയം യൂത്ത് കോൺഗ്രസിൽ തർക്കം രൂക്ഷം
വിഷയം ചർച്ച ചെയ്യാൻ വിളിച്ച അടിയന്തര ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്
കോട്ടയം: ശശി തരൂരിന് വേദിയൊരുക്കുന്നതിനെ ചൊല്ലി കോട്ടയത്തെ യൂത്ത് കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. വിഷയം ചർച്ച ചെയ്യാൻ വിളിച്ച അടിയന്തര ജില്ല കമ്മിറ്റിയിൽ രൂക്ഷ വിമർശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്.
ജില്ലാ പ്രസിഡന്‍റ് ഏകാധിപതിയെ പോലെ പെരുമാറുകയാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്‍റിനെ വിമർശിച്ച കെ.എസ് ശബരിനാഥന്‍റെ നടപടിയും ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ പരിപാടിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് നേതൃത്വത്തിന്‍റെ തീരുമാനം. ഒരു വിഭാഗം നേതാക്കളോട് ശശി തരൂരിന്‍റെ പരിപാടിയെ കുറിച്ച് ചർച്ച ചെയ്തില്ലെന്ന വിമർശം ഉയർന്നതോടെയാണ് അടിയന്തര ജില്ല കമ്മിറ്റി വിളിച്ച് ചേർത്തത്.
പാലായിൽ നടന്ന യോഗത്തിൽ രൂക്ഷ വിമർശമാണ് പരിപാടി സംഘടിപ്പിക്കാൻ മുന്നിട്ട് ഇറങ്ങിയ ജില്ല നേതൃത്വത്തിനെതിരെ ഉയർന്നത്. ജില്ല പ്രസിഡന്‍റ് ചിന്‍റു കുര്യൻ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് ഒരു വിഭാഗം വിമർശം ഉന്നയിച്ചു. കൂടാതെ ഡി.സി.സി പ്രസിഡന്‍റിനെ അറിയിക്കാതെ പരിപാടി നടത്തിയതിനെതിരെയും പ്രതിഷേധം ഉണ്ടായി. ഡി.സി.സി പ്രസിഡന്‍റിനെ വിമർശിച്ച ശബരിനാഥനെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യവും ഉയർന്നു. തിരുവഞ്ചൂർ അനുഭാവികളും എ,ഐ ഗ്രൂപ്പുകളും ജില്ലാ പ്രസിഡന്‍റിനു നേരെ തിരിഞ്ഞതോടെ തർക്കം കയ്യാങ്കളി വരെ എത്തി. ഉമ്മൻചാണ്ടിയുടെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിനെയും നേതാക്കൾ വിമർശിച്ചു.
തരൂരിന്‍റെ പരിപാടിക്കായി പണപ്പിരിവ് നടത്തിലും ചില വിമർശങ്ങൾ ഉയർന്നിട്ടുണ്ടെന്നാണ് വിവരം. അതേസമയം ശശി തരൂരിന്‍റെ പരിപാടിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് ജില്ല നേതൃത്വത്തിന്‍റെ തീരുമാനം. നിശ്ചയിച്ച തിയതിയിൽ തന്നെ ഈരാറ്റുപേട്ടയിൽ മഹാസമ്മേളനം നടത്തുമെന്ന് ജില്ല പ്രസിഡന്‍റ് അറിയിച്ചു.