അരിക്കൊമ്പൻ പെരിയാറിലെ ഉൾവനത്തിൽ, പുതിയ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെട്ടതായി വനം വകുപ്പ്
ഇറക്കിവിട്ട സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ അരിക്കൊമ്പനുണ്ടെന്നാണ് ജി.പി.എസ് കോളറിൽ നിന്ന് ഒടുവിൽ ലഭിച്ച സന്ദേശം
മൂന്നാര്‍: ഇടുക്കിയിൽ ഭീതി പരത്തിയിരുന്ന അരിക്കൊമ്പൻ പുതിയ ആവാസവ്യവസ്ഥയുമായി പൊരുത്തപ്പെട്ടു തുടങ്ങിയെന്ന് വനം വകുപ്പ്. പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പൻ.
ഇറക്കിവിട്ട സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ അരിക്കൊമ്പനുണ്ടെന്നാണ് ജി.പി.എസ് കോളറിൽ നിന്ന് ഒടുവിൽ ലഭിച്ച സന്ദേശം. ഇന്നലെ വൈകിട്ട് ആന മേദകാനം ഭാഗത്താണുണ്ടായിരുന്നത്. ഇന്നത്തോടെ ആന പൂർണമായും മയക്കം വിട്ട് ഉണരുമെന്നാണ് വനം വകുപ്പിൻ്റെ കണക്ക് കൂട്ടൽ. നിലവിലെ സാഹചര്യത്തിൽ ആന ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. ഏതാനും ദിവസങ്ങൾ കൂടി ദൗത്യ സംലത്തിൻ്റെ നിരീക്ഷണത്തിലാകും അരിക്കൊമ്പൻ.
ശനിയാഴ്ച ഉച്ചയോടെ ചോലവനങ്ങൾക്കിടയിൽവെച്ചാണ് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം അരിക്കൊമ്പനെ വെടിവെച്ചത്. ഒന്നിലേറെ മയക്കുവെടിവെച്ച ശേഷമായിരുന്നു ദൗത്യസംഘം അരിക്കൊമ്പനരികിലേക്ക് നീങ്ങിയത്. സൂര്യനെല്ലിഭാഗത്തേക്ക് കടക്കാതിരിക്കാൻ വേണ്ടി നിരവധി തവണ പടക്കംപൊട്ടിച്ച് ആനയെ പിന്തിരിപ്പിച്ചിരുന്നു.