റേഡിയോ കോളർ വെക്കാൻ വേണ്ടി മാത്രം അരിക്കൊമ്പനെ മയക്കുവെടി വെക്കാം: ഹൈക്കോടതി
അരിക്കൊമ്പനെ പിടികൂടി കൂട്ടിലടക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി
കൊച്ചി: റേഡിയോ കോളർ വെക്കാൻ വേണ്ടി മാത്രം അരിക്കൊമ്പനെ മയക്കുവെടി വെക്കാമെന്ന് ഹൈക്കോടതി. കുംകി ആനകളും ഉദ്യോഗസ്ഥരും പ്രദേശത്ത് തുടരണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നേരത്തേയും ഇതിന്റെ സൂചന ഹൈക്കോടതി വാദം കേൾക്കുന്ന സമയത്ത് നൽകിയിരുന്നു. എന്നാൽ അരിക്കൊമ്പനെ പിടികൂടി കൂട്ടിലടക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം അരിക്കൊമ്പനെ പിടികൂടുന്നതിൽ ഹൈക്കോടതി ഇടപെട്ടതോടെ ഇടുക്കിയിൽ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. അരിക്കൊമ്പനെ പിടികൂടുന്ന കാര്യത്തിൽ തീരുമാനമെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. വിഷയത്തിൽ ഹൈക്കോടതി പരാമർശത്തിന് പിന്നാലെയാണ് ജനകീയ ഹർത്താലിലേക്ക് പ്രദേശവാസികൾ കടന്നത്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്.
അരിക്കൊമ്പനെ പിടികൂടുന്നത് പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാട്ടാനയെ പിടികൂടാതെ എങ്ങനെ ആശങ്ക പരിഹരിക്കാമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പരിഹാരമാർഗങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കണമെന്നും വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
'കൊടും വനത്തിൽ ആളുകളെ കൊണ്ടുവന്ന് പാർപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കാട്ടാനാക്രമണം രൂക്ഷമായ മേഖലയിൽ നിന്നും ആദിവാസികളെ എന്തുകൊണ്ട് മാറ്റിപ്പാർപ്പിക്കുന്നില്ല'. കോടതി ചോദിച്ചു. ചിന്നക്കനാലിലെ അഞ്ച് കോളനികൾ ആവാസ മേഖലയിൽ വരുമെന്ന് സർക്കാർ മറുപടി നൽകി.
അരിക്കൊമ്പൻ അപകടകാരിയാണെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു.
2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വാദം.