മദ്യലഹരിയിൽ സൈനികരായ സഹോദരങ്ങളുടെ പരാക്രമം; പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു
നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഏറെ ശ്രമപ്പെട്ടാണ് ഇരുവരെയും കീഴ്‍പ്പെടുത്തിയത്
ആലപ്പുഴ: ഹരിപ്പാട്ട് മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സൈനികരുടെ പരാക്രമം. മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ സൈനികർ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ഹരിപ്പാട് പൊലീസ് കേസെടുത്തു.
കഴിഞ്ഞദിവസം രാത്രി 10.30 ഓടെ ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിലെ ബാറിൽ വച്ചാണ് ഇരട്ട സഹോദരങ്ങളും ഹരിപ്പാട് ചിങ്ങോലി സ്വദേശികളുമായ അനന്തനും ജയന്തനും ആദ്യം ബാർ ജീവനക്കാരുമായി തർക്കത്തിലേര്‍പ്പെട്ടത്. ഇവിടെ നിന്നും അമിതവേഗത്തിൽ പുറത്തേക്ക് സഞ്ചരിച്ച കാർ ദേശീയപാതയിൽ നങ്ങ്യാർകുളങ്ങരക്ക് സമീപം വെച്ച് ഡിവൈഡറിൽ ഇടിച്ചു. നാട്ടുകാർ അറിയിച്ചത് അനുസരിച്ച് പൊലീസെത്തി. ഇരുവരും മദ്യലഹരിയിലാണെന്ന് മനസിലാക്കിയതോടെ വൈദ്യ പരിശോധനയ്ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെവെച്ചാണ് സൈനികരായ സഹോദരങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരെയും മർദിച്ചത്.
ആശുപത്രിയുടെ വാതിൽ തകർക്കുകയും കണ്ണിൽ കണ്ടവരെയെല്ലാം ചീത്ത വിളിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഏറെ ശ്രമപ്പെട്ടാണ് ഇരുവരെയും കീഴ്പ്പെടുത്തിയത്. ആശുപത്രി സംരക്ഷണ നിയമം, പൊതുമുതൽ നശിപ്പിക്കൽ,സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. രാജസ്ഥാനിലും മഹാരാഷ്ട്രയിലെമായാണ് ഇരുവരും ജോലി ചെയ്യുന്നത്.