കാറിൽ അനുജക്ക് മർദനമേൽക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷി; അടൂര്‍ പട്ടാഴിമുക്ക് വാഹനാപകടത്തില്‍ ദുരൂഹത ഏറുന്നു
അമിത വേഗത്തിൽ കാർ ലോറിയിലേക്ക് ഇടിപ്പിച്ചതാണെന്ന് ലോറിയുടെ ഡ്രൈവർ
അടൂര്‍: പത്തനംതിട്ട അടൂരിൽ വാഹനാപകടത്തിൽ അധ്യാപികയും യുവാവും മരിച്ചതിൽ ദുരൂഹത തുടരുന്നു. അമിത വേഗത്തിൽ കാർ ലോറിയിലേക്ക് ഇടിപ്പിച്ചതാണെന്നും അനുജക്ക് മർദനമേൽക്കുന്നത് കണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. അടൂർ പട്ടാഴിമുക്കിൽ എംസിറോഡിൽ വച്ച് കണ്ടെയ്നർ ലോറിയിലെ കാർ ഇടിച്ചു കയറി. കാറിൽ ഉണ്ടായിരുന്ന രണ്ടു പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. നൂറനാട് സ്വദേശിനി അനുജയും ചാരുംമൂട് സ്വദേശി ഹാഷിമുമാണ് മരിച്ചത്. കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാർ അമിതവേഗത്തിലായിരുന്നുവെന്ന് കണ്ടയ്നർ ലോറിയുടെ ഡ്രൈവർ ബംഗാൾ സ്വദേശി ഷാരൂഖ് പറഞ്ഞു.
തുമ്പമൺ നോർത്ത് വിഎച്ച്എസ്എസ് അധ്യാപികയായ അനുജ സഹ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്നു. കുളക്കടയിൽ വെച്ചാണ് ഹാഷിം അനുജയെ കാറിൽ കയറ്റിയത്. കാറിൽ കയറി മിനിറ്റുകൾകകം അപകടം നടന്നതായി പൊലീസ് പറയുന്നു. കാറിൽ അനുജക്ക് മർദനമേൽക്കുന്നത് കണ്ടതായി എനാദിമംഗലം പഞ്ചായത്ത് അംഗം ശങ്കർ മരൂർ പറഞ്ഞു.വാഹനത്തിൽ അനുജയും ഒരു പുരുഷനും ഉണ്ടായിരുന്നു. മർദനമേറ്റ അനുജ കാറിൽ നിന്നിറങ്ങി വീണ്ടും കയറുന്നതും കണ്ടെന്നെന്നും അദ്ദേഹം പറഞ്ഞു.
ഹാഷിം അനുജൻ ആണെന്നാണ് അനുജ കൂടെയുണ്ടായിരുന്നവരോട് പറഞ്ഞത്. എന്നാൽ ഇരുവരും തമ്മിൽ പരിചയമുള്ളതായി അറിയില്ലെന്ന് രണ്ടുപേരുടെയും ബന്ധുക്കൾ പറയുന്നു.
വാഹനാപകടത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്ന് മരിച്ച ഹാഷിമിൻ്റെ ബന്ധു നാസർ അഹമ്മദ് പറഞ്ഞു. അമിത വേഗതയുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും ഹാഷിമിന്റെ ബന്ധു പറഞ്ഞു.