മതേതര കേരളത്തെ കബളിപ്പിച്ചു, പി.സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ നാടകം: പിഎംഎ സലാം

എൻ.ആർ.സി സമരത്തിലെ കേസുകൾ പിൻവലിക്കുന്നതടക്കമുള്ളവയിൽ ചെയ്ത രീതിയുടെ തുടർച്ചയാണിതെന്നും പിഎംഎ സലാം

Update: 2022-05-01 12:16 GMT
Advertising

മലപ്പുറം: പി.സി ജോർജിന്റെ അറസ്റ്റ് സർക്കാരിന്റെ നാടകമാണെന്നും സർക്കാർ എല്ലാ സൗകര്യവും ചെയ്ത് കൊടുത്താണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മതേതര കേരളത്തെ സർക്കാർ കബളിപ്പിച്ചിരിക്കുകയാണെന്നും എൻ.ആർ.സി സമരത്തിലെ കേസുകൾ പിൻവലിക്കുന്നതടക്കമുള്ളവയിൽ ചെയ്ത രീതിയുടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

വഴിയിൽ ബിജെപി പ്രവർത്തകർക്ക് പി.സി ജോർജിന് സ്വീകരണം നൽകാൻ സർക്കാർ അവസരമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജാമ്യഹരജി കോടതി പരിഗണിക്കുമ്പോൾ സർക്കാർ അഭിഭാഷകൻ എത്തിയില്ലെന്നും ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്വേഷ പ്രസംഗം ആവർത്തിക്കില്ലെന്ന് പറഞ്ഞ് ജാമ്യത്തിലിറങ്ങിയ പി.സി. ജോർജ് കോടതി വരാന്തയിൽ വെച്ച് തന്നെ അത് ലംഘിച്ചുവെന്നും ആർജവമുള്ള സർക്കാറായിരുന്നെങ്കിൽ അപ്പോൾ തന്നെ മറ്റൊരു കേസെടുത്ത് ജയിലിലടക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊലീസ് ആവശ്യപ്പെട്ടിട്ടും അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ അഡീഷണൽ പ്രോസിക്യൂട്ടർ ഹാജരായിരുന്നില്ല. ജഡ്ജിയുടെ വീട്ടിൽ നടക്കുന്ന കോടതി നടപടികളിൽ ഹാജരാകാറില്ലെന്ന് വിശദീകരണം നൽകിയാണ് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നത്. പ്രോസിക്യൂട്ടറുടെ അഭാവത്തെ തുടർന്ന് വാദങ്ങൾ ഉന്നയിച്ചത് പൊലീസായിരുന്നു. തുടർന്ന് മതവിദ്വേഷകരമായ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ ദിവസം തന്നെ പി.സി ജോർജിന് ഇടക്കാല ജാമ്യം ലഭിക്കുകയായിരുന്നു. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

ഇന്ന് പുലർച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസാണ് പി.സി ജോർജിനെ കസ്റ്റഡിയിലെടുത്തിരുന്നത്. പി.സി. ജോർജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എ.ആർ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ.പി.സി 153എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസിൽ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്. ഡി.ജി.പി അനിൽകാന്തിൻറെ നിർദേശപ്രകാരമായിരുന്നു നടപടി. പി.സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.


Full View


Arrest of PC George Government Drama: PMA Salam

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News