ഇരുതലമൂരിയെ വില്‍ക്കുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍
കൊല്ലം സ്വദേശിയായ വ്യാപാരിക്ക് വിൽക്കുന്നതിനായി ഇരുതലമൂരിയെ പറഞ്ഞുറപ്പിച്ചത് ഒരു കോടി രൂപയ്ക്കാണ്
Update: 2023-07-26 01:34 GMT
കൊല്ലം: കൊല്ലത്ത് ഇരുതലമൂരി പാമ്പ് വിൽക്കുന്ന സംഘം പിടിയിൽ. നൗഫൽ, ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനം വകുപ്പിന്റെ പിടിയിലായത്.
കൊല്ലം സ്വദേശിയായ വ്യാപാരിക്ക് വിൽക്കുന്നതിനായി ഇരുതലമൂരിയെ പറഞ്ഞുറപ്പിച്ചത് ഒരു കോടി രൂപയ്ക്കാണ്. തൃശൂർ സ്വദേശി നൗഫൽ ഇടപാട് നടത്തിയത് കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഉന്മേഷ് വഴിയാണ്.
അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇരുതലമൂരി കൈമാറ്റത്തിനിടയിൽ മീയ്യണ്ണൂർ മെഡിക്കൽ കോളജിന് സമീപത്ത് വച്ച് പ്രതികൾ പിടിയിലായി. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കേസിൽ എട്ടു പേർക്ക് കൂടി പങ്കുള്ളതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിൽ പെട്ട ജീവിയാണ് ഇരുതലമൂരി.