സൈക്കിളില്‍ ലഡാക്ക് ചുറ്റും അഷ്റഫ്, കാൽപാദം മുറിച്ച് മാറ്റുന്നതിന് മുമ്പ്

ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ നേടുന്ന ലക്ഷ്യങ്ങളാണ് ഏറ്റവും മനോഹരം

Update: 2021-06-21 07:16 GMT
Advertising

അപകടങ്ങൾ കൂടപ്പിറപ്പായവരെ കണ്ടിട്ടുണ്ടോ. അനങ്ങിയാലും നടന്നാലും എല്ലാം അപകടത്തിൽ കലാശിക്കുന്ന ആളെ. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് അഷ്റഫ്. 35 വയസ്സിനിടെ 20ലേറെ വലുതും ചെറുതുമായ അപകടങ്ങളാണ് അഷ്റഫിനെ തേടിയെത്തിയിട്ടുള്ളത്. അതിനെയെല്ലാം തരണം ചെയ്ത് ജീവിതത്തെ ചിരിച്ച് കൊണ്ട് നേരിടുകയാണ് അഷ്റഫ്. ചലനശേഷി ഒരൽപ്പം മാത്രം അവശേഷിക്കുന്ന കാൽപാദവുമായി ലഡാക്കിലേക്കൊരു സൈക്കിൾ യാത്രക്കൊരുങ്ങുകയാണ് അഷ്റഫ് ഇപ്പോൾ.

ഒന്നര വയസ്സിൽ തുടങ്ങിയതാണ് അഷ്റഫിൻറെ ഈ അപകടങ്ങൾ. ഒന്നിന് മേലെ ഒരോന്നായി ഈ പ്രായത്തിനിടയിൽ നാടാറ് മാസം ആശുപത്രി ആറ് മാസം എന്നതായി ജീവിതം. ഒടിയാത്ത എല്ലുകളില്ല. വെപ്പുപല്ലാണ്. പക്ഷേ തളർന്നിട്ടില്ല ഇക്കാലമത്രയും.

''ഒന്നരവയസ്സിലാണ് ആദ്യ അപകടം. അത് എനിക്ക് ഓര്‍മയില്ല. മുഖത്ത് ഒരു കമ്പി തുളച്ചുകയറുകയായിരുന്നു എന്ന് ഉമ്മ പറഞ്ഞ ഓര്‍മ മാത്രമാണ് ഉള്ളത്. ഉമ്മയുടെ കൈയില്‍ നിന്ന് വീണോ മറ്റോ ആ അപകടം പറ്റിയത്. ആ പാട് ഇപ്പഴും മുഖത്തുണ്ട്. പിന്നെ നാലു വയസ്സില്‍... തീ പൊള്ളലേറ്റ് രണ്ടുമുന്നൂ മാസം റെസ്റ്റ് എടുക്കേണ്ടി വന്നിട്ടുണ്ട്. പലതവണ വീണിട്ടുണ്ട്.. കൈ പൊട്ടലും കാല് പൊട്ടലും ഒക്കെ സാധാരണയായിരുന്നു.. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് റെയില്‍പ്പാളത്തില്‍ നിന്ന് വീണത്.. അന്ന് തലപൊട്ടി.. ആ കൊല്ലം തന്നെ ഉമ്മയുടെ വീട്ടില്‍ പോയപ്പോള്‍ തെങ്ങില്‍ നിന്ന് വീണു... രണ്ട് കൈയും ഒടിഞ്ഞു.. ഏഴാം ക്ലാസില്‍ എത്തിയപ്പോഴേക്കും ബൈക്ക് ഓടിക്കാന്‍ പഠിച്ചു. അങ്ങനെ ബൈക്കും എടുത്ത് ഇറങ്ങി, ഒരു ബസ്സിന് പോയി ഇടിച്ചു. അന്ന് മുഖത്തിന്റെ ഷെയ്‍പ്പ് ഒക്കെ മാറി.. പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ബസ്സില്‍ നിന്ന് വീണു കാലൊടിഞ്ഞു. പതിനെട്ട് വയസ്സുമ്പോള്‍ ഓട് മാറ്റുന്നതിനെ താഴെ വീണു.. മൂന്നുമാസം കഴുത്ത് മാത്രം അനക്കാന്‍ പറ്റുന്ന കിടപ്പായിരുന്നു കിടന്നത്.''   അഷ്റഫ് പറയുന്നു.

2017ലെ ബൈക്കപകടത്തിൽ അറ്റുപോയതാണ് ഈ കാൽപാദം. തുന്നിചേർത്ത് വേദനയുമായുള്ള ജീവിതം. ഇതിനിടയിലാണ് നടക്കാനുള്ള ബുദ്ധിമുട്ടോർത്ത് സൈക്ലിംഗിലേക്ക് തിരിയുന്നത്. ഹിൽ സ്റ്റേഷനുകളിലടക്കം ഈ കാലുമായി സൈക്കിൾ ചവിട്ടികയറി. പക്ഷേ കാൽപാദം മുറിച്ച് മാറ്റുന്നതിന് മുന്നേ ഒരു ലക്ഷ്യം കീഴടക്കാനുണ്ട് അഷ്റഫിന്. ലഡാക്കിലേക്കൊരു സൈക്കിൾ യാത്ര. ലേ ലഡാക്കിലേറെ ഉയരത്തിലുണ്ട് ആ സ്വപ്നത്തിലേക്കുള്ള ആവേശം. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ നേടുന്ന ലക്ഷ്യങ്ങളാണ് ഏറ്റവും മനോഹരമെന്ന് അഷ്റഫ് പറയുന്നു.

Full View


Tags:    

By - ഷിദ ജഗത്

contributor

പ്രിന്‍സിപ്പല്‍ ചീഫ് കറസ്പോണ്ടന്റ്

Similar News