'എത്രയും വേഗം കുഞ്ഞിനെ കാണണം' ; കേരളത്തിന് നന്ദി പറഞ്ഞ് പതിമൂന്നുകാരിയുടെ മാതാപിതാക്കള്‍
തങ്ങളെ ഹൃദയത്തോട് ചേർത്തു പിടിച്ച കേരള സമൂഹത്തിന് സല്യൂട്ട് എന്ന് കുട്ടിയുടെ അമ്മ നിറകണ്ണുകളോടെ പറഞ്ഞു
തിരുവനന്തപുരം: ആധി നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ 13 വയസുകാരിയെ കണ്ടെത്തിയപ്പോൾ കഴക്കൂട്ടത്തെ വീട്ടിൽ കുട്ടിയുടെ മാതാപിതാക്കൾ ആനന്ദക്കണ്ണീർ പൊഴിച്ചു. തങ്ങളെ ഹൃദയത്തോട് ചേർത്തു പിടിച്ച കേരള സമൂഹത്തിന് സല്യൂട്ട് എന്ന് കുട്ടിയുടെ അമ്മ നിറകണ്ണുകളോടെ പറഞ്ഞു. കുട്ടിയുമായി മാതാപിതാക്കൾ വീഡിയോ കോളിലൂടെ സംസാരിച്ചു.
ഹൃദയം തകർന്ന നിമിഷങ്ങൾ. കരഞ്ഞ് കലങ്ങിയ കണ്ണുകൾ. വാക്കുകൾ കിട്ടാതെ വിതുമ്പിയത്. എല്ലാത്തിനും ഒടുവിൽ കുടുംബത്തെ തേടി സന്തോഷവാർത്ത എത്തിയപ്പോൾ അത്രയും നേരം അനുഭവിച്ച ആധിയും വ്യാധിയും മാറി. ദുരിതസമയം ഒപ്പം നിന്നവർക്ക് ഹൃദയം തൊട്ട് ഈ മാതാപിതാക്കൾ നന്ദി പറഞ്ഞു. ഒരാളെയും ഒഴിവാക്കാതെ കേരളത്തിന്‍റെ ചേർത്തു പിടിക്കലിന് കുടുംബത്തിന്‍റെ വക സല്യൂട്ട്.
താൻ സുരക്ഷിതയാണെന്നും ഭക്ഷണം കഴിച്ചെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ചെറിയ പരാതിയും പരിഭവവും കുട്ടി പറഞ്ഞെങ്കിലും സന്തോഷത്തിനും ആശ്വാസത്തിനും അപ്പുറം മാതാപിതാക്കൾക്ക് മറ്റൊന്നും ഉണ്ടായിരുന്നില്ല. തീ തിന്ന മണിക്കൂറുകൾ അവസാനിച്ചെങ്കിലും എത്രയും വേഗം നൊന്തു പ്രസവിച്ച കുഞ്ഞിനെ കാണണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം.