പി.സി ജോര്‍ജ് പുറത്തിറങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം

ന്യൂസ് 24 ക്യാമറാമാൻ അരുൺ കുമാറിനാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ മർദനമേറ്റത്. റിപ്പോർട്ടർ ടി.വിയുടെ മൈക്ക് ചവിട്ടിപ്പൊട്ടിച്ചു

Update: 2022-05-27 13:51 GMT
Advertising

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം ലഭിച്ച് പി.സി ജോർജ് പുറത്തിറങ്ങുന്നതിനിടെ  മാധ്യമ പ്രവർത്തകർക്ക് നേരെ ബി.ജെ.പി പ്രവർത്തകരുടെ കയ്യേറ്റം. പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ വച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. ന്യൂസ് 24 ക്യാമറാമാൻ അരുൺ കുമാറിന് മർദനമേറ്റു. റിപ്പോർട്ടർ ടി.വിയുടെ മൈക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ ചവിട്ടിപ്പൊട്ടിച്ചു.

അല്‍പ്പനേരം മുമ്പാണ്  വിദ്വേഷ പ്രസംഗ കേസുകളില്‍ ജാമ്യം ലഭിച്ച പി.സി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. പിണറായി വിജയന്‍റെ കളിയുടെ ഭാഗമാണ് തന്‍റെ അറസ്റ്റ്. പിണറായിക്കുള്ള മറുപടി നാളെ തൃക്കാക്കരയിൽ നൽകുമെന്നും തൃക്കാക്കരയിൽ താൻ ബി.ജെ.പിക്കൊപ്പം നിൽക്കുമെന്നും പി.സി ജോർജ് പറഞ്ഞു.

ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മുദ്രാവാക്യം വിളികളോടെയാണ് പി.സി ജോര്‍ജിനെ സ്വീകരിച്ചത്. ഇന്ന് ഉച്ചക്കാണ് ജോര്‍ജിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മതവിദ്വേഷമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രായവും ദീര്‍ഘകാലം ജനപ്രതിനിധിയായിരുന്നതും ജാമ്യം നല്‍കുന്നതില്‍ കോടതി പരിഗണിച്ചു.

കര്‍ശനമായ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. ആവശ്യമായ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പരാമര്‍ശങ്ങളാണ് പി.സി ജോര്‍ജിന്‍റേതെന്നും വളരെ ഗൗരവതരമാണെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസംഗങ്ങള്‍ നടത്തില്ല എന്ന് കോടതി തന്നെ ഉറപ്പാക്കണമെന്നും ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന ഉപാധികള്‍ വയ്ക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്നും വെണ്ണല കേസില്‍ കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷം ഒരു പരാമര്‍ശവും നടത്തിയിട്ടില്ലന്നും പിസി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് വെണ്ണല കേസിലും തിരുവന്തപുരത്തെ കേസിലും ജസ്റ്റിസ് പി ഗോപിനാഥ് ജാമ്യം അനുവദിച്ചത്. പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച വിവരം ഇന്ന് തന്നെ തിരുവന്തപുരം മജിസ്ടേറ്റ് കോടതിയെ അറിയിക്കണമെന്ന ആവശ്യം പി സി ജോര്‍ജിന്‍റെ അഭിഭാഷകന്‍ ഉന്നയിച്ചു. ഇതംഗീകരിച്ച കോടതി ഹൈക്കോടതി രജിസ്ട്രിക്ക് ഇതു സംബന്ധിച്ച് കോടതി നിര്‍ദേശം നല‍്കി.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News