ഇഷ്ടപ്പെടാത്തത് പറയുന്നവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല: മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ചാണ്ടി

എൻ.എസ്.എസ് ജനറൽ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമർശിച്ച മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിച്ചതല്ല.

Update: 2021-05-04 14:09 GMT
Advertising

തനിക്ക് ഇഷ്ടപ്പെടാത്തത് പറയുന്നവരെ കടന്നാക്രമിച്ച് നിശബ്ദരാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. എൻ.എസ്.എസ് ജനറൽ സെക്രട്ടറി നടത്തിയ അഭിപ്രായങ്ങളെ വിമർശിച്ച മുഖ്യമന്ത്രിയുടെ നടപടി അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിച്ചതല്ല. ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കണമെന്ന എൻ.എസ്.എസ് നിലപാട് എക്കാലത്തും അവർ സ്വീകരിച്ച നടപടികളുടെ ഭാഗമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

വോട്ടെടുപ്പ് ദിവസം നടത്തിയ പ്രസ്താവനയെ തുടർന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും നാട്ടിൽ സമാധാനവും സ്വൈര്യവും ഉണ്ടാക്കുന്ന സർക്കാർ വരണമെന്നുമായിരുന്നു സുകുമാരൻ നായർ വോട്ടെടുപ്പ് ദിവസം നടത്തിയ പ്രസ്താവന. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്തുസൂക്ഷിക്കുന്നവർക്ക് വേണം വോട്ടു ചെയ്യേണ്ടതെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

എൽ.ഡി.എഫിനെതിരെ വോട്ടു ചെയ്യണം എന്ന സന്ദേശമാണ് വോട്ടെടുപ്പ് ദിവസം സുകുമാരൻ നായർ നൽകിയതെന്നും, ഇതിനെ ജനം തള്ളിയെന്നുമായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ജനങ്ങൾ അവരുടെ ജീവിതാനുഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് വോട്ടു ചെയ്തത്. കേരളത്തിൽ എല്ലായിടത്തും ഒരേപോലെ എൽ.ഡി.എഫിനെ അനുകൂലിക്കുന്ന വികാരമാണ് ദൃശ്യമായത്. അതിനെ അട്ടിമറിക്കാൻ സുകുമാരൻ നായരുടെ പരാമർശം കൊണ്ടുമാത്രം കഴിയുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News