അട്ടപ്പാടി മധു കേസ്; കുടുംബത്തെ അപായപെടുത്താൻ ശ്രമിച്ചതായി സഹോദരി
മധു കൊല്ലപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം ആയുധവുമായി വീട്ടിലെത്തിയവരാണ് ആക്രമണം നടത്തിയത്
അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലികൊന്ന ആദിവാസി മധുവിന്റെ കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. മധു കൊല്ലപ്പെട്ട് മാസങ്ങള്‍ക്ക് ശേഷം ആയുധവുമായി വീട്ടിലെത്തിയവരാണ് ആക്രമണം നടത്തിയത്. പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യം പുറത്തു പറയാത്തത് ഭയം കൊണ്ടാണെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു.
സൈലന്റ് വാലി വന്യജിവി സങ്കേതത്തോട് ചേർന്ന വീട്ടില്‍ ഒരു ദിവസം രാത്രി ആയുധവുമായി രണ്ടു പേർ വരുന്നത് കണ്ടു. ആക്രമണം ഭയന്നോടി ഇരുട്ടില്‍ ഒളിച്ചരുന്നതുകൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മധുവിന്റെ സഹോദരി സരസു പറയുന്നു
സംഭവത്തെക്കുറിച്ച് അന്നു തന്നെ അഗളി പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനം ഉള്ളതിനാല്‍ ഇപ്പോഴും ഭയന്നാണ് ജീവിക്കുന്നതെന്നും സരസു പറയുന്നു. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും കുടുംബം ഭയക്കുന്നുണ്ടെന്നും സരസു പറഞ്ഞു.
കൊലക്കേസിലെ പ്രതിപ്പട്ടികയില്‍ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രദേശിക നേതാക്കളുണ്ട്. ഒരു പ്രതിയായ ഷംസുദ്ധീനെ സി.പി. എം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയാക്കിയിരുന്നു. വിവാദമായതോടെ മാറ്റുകയും ചെയ്തു.