'ആറ്റുകാൽ പൊങ്കാലയിൽ എന്തിനാണ് സർ പൊറാട്ടയും കോഴിക്കറിയും'
"ആറ്റുകാൽ പൊങ്കാല നടന്നിട്ടില്ലെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടിക്കു പോലുമറിയാം. ഇതിൽ അഴിമതി നടത്തണമെങ്കിൽ ഇവർക്ക് ഇക്കാര്യത്തിൽ ഇരട്ടച്ചങ്കുണ്ട്"
തിരുവനന്തപുരം നഗരസഭയിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്‌പോര്. ബുധനാഴ്ച കോൺഗ്രസ് എംഎൽഎ എം വിൻസന്റാണ് സഭയിൽ പ്രശ്‌നം ഉന്നയിച്ചത്. വമ്പൻ അഴിമതിയാണ് നടക്കുന്നതെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ചെറിയ സംഭവത്തിൽ അന്വേഷണം വേണ്ടെന്നായിരുന്നു മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. കുറ്റക്കാരെ അറസ്റ്റു ചെയ്തതായും അദ്ദേഹം പറഞ്ഞു.
നടക്കാത്ത പൊങ്കാലയുടെ പേരിലാണ് അഴിമതി നടന്നതെന്ന് എം വിൻസന്റ് ചൂണ്ടിക്കാട്ടി. 'നടക്കാത്ത പൊങ്കാലയുടെ പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്‌ക്കെടുത്ത് നഗരം മുഴുവൻ ശുചിയാക്കിയെന്ന് പറഞ്ഞു. 250 തൊഴിലാളികളെ വച്ചിട്ടാണ് നഗരം ശുചീകരിച്ചതെന്നും അവർക്ക് പൊറോട്ടയും കോഴിയിറച്ചിയും വാങ്ങാൻ 65000 രൂപ ചെലവ് വന്നെന്നും പറഞ്ഞു. ആറ്റുകാൽ പൊങ്കാലയ്ക്ക് എന്തിനാണ് പൊറോട്ടയും കോഴിയിറച്ചിയും. ആറ്റുകാൽ പൊങ്കാല നടന്നിട്ടില്ലെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടിക്കു പോലുമറിയാം. ഇതിൽ അഴിമതി നടത്തണമെങ്കിൽ ഇവർക്ക് ഇക്കാര്യത്തിൽ ഇരട്ടച്ചങ്കുണ്ട്.' - അദ്ദേഹം ആരോപിച്ചു.
'ആളുകളെ പഠിപ്പിച്ചെന്ന് പറഞ്ഞ് പത്തുലക്ഷം രൂപയുടെ അഴിമതി നടത്തി. നഗരസഭയ്ക്ക് 135 വാഹനങ്ങളാണ് ഉള്ളത്. ഇതിൽ 45 എണ്ണം കാണാനില്ല. ഇതിൽത്തന്നെ 16 വാഹനം ശാന്തികവാടത്തിനടുത്ത് കിടക്കുകയാണ്. എഞ്ചിനുൾപ്പെടെ അടിച്ചുമാറ്റിയിരിക്കുകയാണ്. ബാക്കി എവിടെ എന്നു പോലുമറിയില്ല. ഈ ഭൂമുഖത്തു തന്നെയില്ലാത്ത വാഹനങ്ങൾക്ക് നഗരസഭ കൃത്യമായി ഇൻഷുറൻസും മെയിന്റനൻസും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് നഗരസഭ ചുമതലപ്പെടുത്തിയ കമ്മിറ്റി കണ്ടെത്തിയ കാര്യങ്ങളാണ്. കെടുകാര്യസ്ഥതയുടെ കാര്യത്തിൽ മുമ്പന്തിയിലാണ് ഈ നഗരസഭ.'- അദ്ദേഹം കൂട്ടിച്ചേർത്തു.
മേയർക്ക് പ്രായത്തിൽ മാത്രമല്ല, ജനാധിപത്യബോധത്തിലും കുറവാണ്. അഴിമതികളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും വിൻസന്റ് ആവശ്യപ്പെട്ടു.