'നിയമനം ലഭിക്കും, അതിനുള്ളതെല്ലാം ചെയ്തിട്ടുണ്ട്'; അഖിൽ സജീവും ഹരിദാസും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്
തന്നെ മാത്രം കുറ്റക്കാരനാക്കിയാൽ പറയേണ്ടത് പറഞ്ഞോളാമെന്നും അഖില്‍ സജീവ്
മലപ്പുറം:ആരോഗ്യമന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫംഗത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ഹരിദാസനും ഇടനിലക്കാരൻ അഖിൽ സജീവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. നിയമനം ലഭിക്കാത്തതിനെ കുറിച്ച് ഹരിദാസൻ ചൂണ്ടിക്കാട്ടുമ്പോൾ നിയമനം ലഭിക്കുമെന്ന് അഖിൽ സജീവ് ഉറപ്പ് നൽകുന്നു. തന്നെമാത്രം കുറ്റക്കാരനാക്കിയാൽ പറയേണ്ടത് പറഞ്ഞോളാമെന്നും അഖിൽ സജീവ് പറയുന്ന ശബ്ദരേഖ മീഡിയവണിന് ലഭിച്ചു.
വിവരാവകാശ പ്രകാരം ഹോമിയോ വകുപ്പിൽ അന്വേഷിച്ചപ്പോൾ ഒഴിവില്ലെന്നാണ് മറുപടി കിട്ടിയതെന്ന് ഹരിദാസ് പറയുന്നുണ്ട്. എന്നാൽ നിയമനം എന്തായാലും നൽകുമെന്നും അതിനുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്നും അഖിൽ സജീവ് പറയുന്നു. രണ്ടാഴ്ച കൂടി സമയം തരണമെന്നും 20 ാം തീയതിക്കകം കാര്യങ്ങൾക്ക് തീരുമാനം ആക്കി തരാമെന്നും അഖിൽ സജീവ് പറയുന്നുണ്ട്.
അതേസമയം, അഖിൽ സജീവ് സാമ്പത്തിക കുറ്റവാളിയെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. ഡിവൈഎഫ്ഐ വള്ളിക്കോട് മേഖലാ പ്രസിഡണ്ടും കോന്നി ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവുമായിരുന്നു അഖിൽ സജീവ്. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ 3,60,000 രൂപയുടെ തിരിമറി കണ്ടെത്തിയതിനെത്തുടർന്ന് പാർട്ടിയിൽ നിന്നു പുറത്താക്കുകയായിരുന്നു. സിപിഎമ്മിന് അഖിൽ സജീവനുമായി യാതൊരു ബന്ധവുമില്ലെന്നും എന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു.