എ.വി.മുകേഷ്; വാർത്തയുടെ രക്തസാക്ഷി
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ എ.വി മുകേഷിനെ അനുസ്മരിക്കുന്നു
`അരിക്കൊമ്പനെ ഷൂട്ട് ചെയ്യാൻ പോയപ്പോഴാണ് സെക്കൻഡുകൾക്കുള്ളിൽ ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് ആന ഓടിഎത്തിയത് . ആന നിൽക്കുന്ന ഭാഗത്ത് നിന്നും 50 മീറ്റർ മുകളിൽ നിന്നതിനാൽ ഇത്രപെട്ടെന്ന് ഓടിവരുമെന്നു സ്വപ്നത്തിൽ പ്രതീക്ഷിച്ചില്ല. ജീവനും കാമറയും ഒരേപോലെ ചേർത്തു പിടിച്ചു ഒരോട്ടമായിരുന്നു. റോഡിലെത്തിയതും ദൈവദൂതരെപോലെ വനം വകുപ്പിന്റെ പിക് അപ് വാൻ എത്തി. ഈ വിവരം ആദ്യം പങ്ക് വയ്ക്കണമെന്ന് തോന്നിയത് മാതൃഭൂമി ചാനലിലെ കാമറമാൻ എ .വി.മുകേഷിനോട് ആയിരുന്നു. ഇതുവരെ ആരോടും ദേഷ്യപ്പെട്ട് കാണാതിരുന്ന മുകേഷ് അന്ന് എന്നോട് പൊട്ടിത്തെറിച്ചു. കാട്ടാനയുടെ ഇത്രയും അടുത്ത് ഷൂട്ടിന് പോകരുത് എന്ന് താക്കീത് ചെയ്തത് മോയന്തേ എന്ന് വിളിച്ചു കൊണ്ടായിരുന്നു ഇപ്പോഴും ആ താക്കീത് കാതിൽ മുഴങ്ങുന്നു.ആ മുകേഷ് ഇന്ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്ത വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. നാട്ടാനയുടെ അടുത്ത പോകുന്നത് പോലും ഒഴിവാക്കിയിരുന്ന മുകേഷിൻറെ ജീവനെടുത്തത് ഒരു കാട്ടാന ...‘ന്യൂസ് 18 കേരളം ക്യാമറമാൻ ധനേഷ് കെപി പുറത്തേക്ക് ഉയർന്ന കരച്ചിൽ അടക്കിപിടിച്ചാണ് സംസാരിച്ചത്.
എട്ടു മണിക്കൂർ അസൈൻമെന്റ് ഡ്യൂട്ടി ചെയ്തു വീട്ടിൽ പോകുന്ന വീഡിയോ ജേർണലിസ്റ്റ് ആയിരുന്നില്ല മുകേഷ്. എഴുത്തും ഒപ്പം വാർത്തയിൽ ഇടപെടുകയും ചെയ്ത ഒരു മാധ്യമ പ്രവർത്തകൻ ആയിരുന്നു. അതിജീവനം എന്നപേരിൽ മാതൃഭൂമി ഡോട്ട് കോമിൽ എഴുതിയിരുന്ന ലേഖന പരമ്പരയുടെ നൂറാമത് ലക്കം ഡൽഹിയിൽ ആഘോഷിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയാണ് ഭൂരിഭാഗം എഴുത്തും മാറ്റിവച്ചത്. ഏറ്റവും ഒടുവിൽ എഴുതിയത് പാലക്കാട്ട് കാട്ടുതീയിൽ വെന്തുപോയ ഒരു കുടുംബത്തിന്റെ ജീവിത സ്വപ്നങ്ങളെകുറിച്ചായിരുന്നു .വെള്ളം ശേഖരിക്കാൻ വച്ചിരുന്ന ടാങ്ക് പോലും ചാരമായതിനെ ക്കുറിച്ചു രാജേന്ദ്രൻ പറയുമ്പോൾ വായിക്കുന്നവരുടെയും ഉള്ള് പൊള്ളും.
പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ യൂറിൻ ബാഗുമായി നിരാഹാര സമരം നടത്തിയ ചിദംബരത്തിന്റെ കഥയും അതിജീവനത്തിൽ ജനുവരി 2 നു എഴുതിയിട്ടുണ്ട്. സാമൂഹ്യക്ഷേമ പെൻഷനും ലോട്ടറി കച്ചവടവും ഒരേസമയം മുടങ്ങിപ്പോയ ചിദംബരം കളക്ടേറ്റിനു മുന്നിൽ സമരം ചെയ്തത്, മുന്നോട്ടുള്ള ജീവിത മാർഗം തേടിയായിരുന്നു. ചിദംബരത്തിന്റെ കഥ മുകേഷ് ഉപസംഹരിക്കുന്നത് ഇങ്ങനെ `ജീവിതത്തിന് ഒരു വെളിച്ചവുമായി ഒരാൾ ആ വലിയ കെട്ടിടത്തിൽ നിന്നും ഇറങ്ങിവരുമെന്ന പ്രതീക്ഷയുണ്ട് .അധികാര ബോധത്തിന്റെ അവഗണനയുടെ പരിധി കഴിഞ്ഞെങ്കിൽ ആ മനുഷ്യനെ കൂടി പരിഗണിക്കണം .വിശന്നൊട്ടിയ വയറുമായി അയാൾ തെരുവിൽ തന്നെയുണ്ട് . മൂന്ന് ദിവസം കഴിഞ്ഞു അതിജീവനത്തിന്റെ അടുത്ത ലക്കം ഏറെ സന്തോഷത്തോടെയാണ് വായിച്ചത്. ചിദംബരത്തിന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രമേശ് , ചിദംബരത്തിന് സഹായവുമായി ഓടിയെത്തി .
സഹാനുഭൂതി മുകേഷിന് ജീവിതചര്യ ആയിരുന്നു. ചില ചാനലുകളിൽ ശമ്പളം മുടങ്ങിയ കാലം . ഒരു നേരത്തെ ആഹാരം കഴിക്കാൻ പോലും കാശില്ലാതെ വിഷമിച്ച സ്നേഹിതരുടെ വീടുകളിലേക്ക്, അവർ പറയാതെ അരിയും പച്ചക്കറിയും വാങ്ങി എത്തിയിട്ടുണ്ട് . മാത്രമല്ല ഓഫീസുകളിലേക്ക് പോയി വരാൻ മെട്രോ ട്രെയിനുള്ള തുകയും നൽകിയിട്ടുണ്ട്.
ദൃശ്യമികവിനു വേണ്ടി അസാധാരണ ക്ഷമ കാട്ടിയ കാമറാമാൻ ആയിരുന്നു . ഇന്ത്യാവിഷന്റെ കോഴിക്കോട് ബുറോയിൽ ജോലി ചെയ്യുമ്പോൾ രസകരവും ക്ലേശം നിറഞ്ഞതുമായ ഒരു ദൃശ്യം ഷൂട്ട് ചെയ്തത് ഇന്നും ഓർമയിൽ സൂക്ഷിക്കുന്നവരുണ്ട് . ട്രൈപോഡിൽ ക്യാമറ ദിവസങ്ങളോളം വച്ച് പയർവിത്തിൽ നിന്നും മുള പൊട്ടുന്ന ദൃശ്യങ്ങൾ പകർത്തി. മണിക്കൂറുകൾ നീണ്ട ദൃശ്യം ടൈം ലാപ്സ് ചെയ്ത് ചാനലിൽ ടെലികാസ്റ്റ് ചെയ്തപ്പോൾ ഏവരും അമ്പരന്നു . മനോരമയിലെ സനകൻ വേണുഗോപാൽ പറയുന്നത് പോലെ മുകേഷിന്റെ എഴുത്തിനും ദൃശ്യങ്ങൾക്കും ഒരേപോലെ ക്ലാരിറ്റി ഉണ്ടായിരുന്നു. കാമറമാൻ ആരാണ് എന്ന് വാർത്തയുടെ സൈൻ ഓഫ് വരെ കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഷൂട്ട് ചെയ്ത ഓരോ ദൃശ്യവും എ .വി .മുകേഷിന്റെ പേര് വിളിച്ചു പറയുന്നുണ്ടായിരുന്നു മുപ്പത് സെക്കൻഡ് ഫുട്ടേജ് പോകുന്ന ചെറിയ ദൃശ്യത്തിൽ പോലും മുകേഷിന്റെ കൈയൊപ്പ് പതിഞ്ഞിരുന്നു.
ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി സമരം ഷൂട്ട് ചെയ്യുമ്പോഴാണ് ഹിന്ദുത്വ തീവ്രവാദി വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തത് . ആ വർഗീയവാദിയിലേക്ക് നിമിഷങ്ങൾക്കകം ഫോക്കസ് ചെയ്യാൻ കഴിഞ്ഞത് മനഃസ്ഥൈര്യം കൊണ്ടുമാത്രമായിരുന്നു . ആരുമൊന്നു നടുങ്ങിപോകുമെങ്കിലും ആ കുറ്റവാളിയുടെ ദൃശ്യം ഒപ്പിയെടുക്കേണ്ട അനിവാര്യത ആ കാമറാമാന് നന്നായി അറിയാമായിരുന്നു. ഡൽഹിയെ പ്രകമ്പനം കൊള്ളിച്ച കർഷക സമരം ,ഡൽഹി കലാപം , സി എ എ വിരുദ്ധ സമരം എന്നിവയിലെല്ലാം മുകേഷ് നിത്യ സാന്നിധ്യമായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടമായതിനാൽ പ്രായമായ അമ്മയുടെ ഒപ്പം , അസുഖത്തിന് ഒരു താങ്ങായിട്ടാണ് ഡൽഹിയിൽ നിന്നും നാട്ടിലെത്തിയത്.
ഡൽഹിയിൽ നിന്നുള്ള യാത്രയയപ്പിൽ മുകേഷിന്റെ പ്രവർത്തനത്തെക്കുറിച്ചു പറഞ്ഞത് കേട്ട് അളിയനെ കുറിച്ച് അഭിമാനം തോന്നിയെന്ന് ഭാര്യാ സഹോദരൻ നിറകണ്ണുകളോടെ പറഞ്ഞതാണ് ഏഷ്യാനെറ്റിലെ ധനീഷ് രവീന്ദ്രന്റെ ഓർമയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നത് . ജീവിതത്തിൽ ഇതുവരെ കണ്ടുമുട്ടാത്ത നിരവധിപേരുടെ ദൈന്യത എഴുതിയപ്പോൾ കുറിപ്പ് വായിച്ചവർ, എഴുത്തുകാരൻ പോലും അറിയാതെ സഹായം നൽകി . പിന്നീട് മുകേഷിന്റെ നമ്പർ സംഘടിപ്പിച്ചു നന്ദി പറയാൻ വിളിക്കുകയായിരുന്നു അതിജീവനം കോളത്തിലൂടെ സഹായം ലഭിച്ച മൂന്ന് പേരെ തനിക്ക് അറിയാമെന്നു ധനീഷ് സാക്ഷ്യം പറയുന്നു. സാമ്പത്തികമായി ഏറെ പരാധീനതയുള്ള ചുറ്റുപാടിൽ നിന്നാണ് മുകേഷ് മാധ്യമമേഖലയിലേക്ക് എത്തിയത് . ഇല്ലാത്തവന്റെ ദുരിതം തൊട്ടറിഞ്ഞു , ഇടപെടാവുന്ന വിഷയങ്ങളിൽ പരിഹാരമുണ്ടാക്കിയ 34 കാരനാണ് വാർത്തയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിൽ വഴിയിൽ വീണുപോയത്...