"ബാബരി തകർത്തത് കോൺഗ്രസിന്റെ കാലത്തല്ലേ? അയോധ്യ ബിജെപിയുടെ രാഷ്ട്രീയ ആയുധം": ഇ.പി ജയരാജൻ
വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ബിജെപി നടത്തിയ രാഷ്ട്രീയ സമരമാണിതെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു
തിരുവനന്തപുരം: അയോധ്യ വിഷയം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. അത് തിരിച്ചറിയാൻ മതേതര പാർട്ടികൾക്ക് കഴിയണം. ബാബരി പള്ളി തകർത്തത് കോണഗ്രസിന്റെ കാലത്തല്ലേയെന്നും ജയരാജൻ ചോദിച്ചു.
"ബിജെപിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് അയോധ്യയും രാമക്ഷേത്ര ഉദ്‌ഘാടനവുമെല്ലാം. ഇത് തിരിച്ചറിയാൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയും. മതനിരപേക്ഷ പാർട്ടികൾ ഇക്കാര്യങ്ങളെല്ലാം മനസിലാക്കും. അയോധ്യയിലെ ബാബരി പള്ളി തകർത്തത് ഇന്ത്യ രാജ്യത്ത് വർഗീയ വിദ്വേഷമുണ്ടാക്കി, വർഗീയ സംഘർഷമുണ്ടാക്കി, മതപരമായ ചേരിതിരിവുകൾ ഉണ്ടാക്കി. വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ബിജെപി നടത്തിയ രാഷ്ട്രീയ സമരമാണിത്. ഇതിന്റെയൊക്കെ നേട്ടമാണ് ബിജെപി കൊയ്തുകൊണ്ടിരിക്കുന്നത്": ഇപി ജയരാജൻ പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ബിജെപി ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തെ അറിയിച്ചിരുന്നു. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ പേരില്‍ നരേന്ദ്രമോദി ഒരു പ്രത്യേക മത വിഭാഗത്തില്‍ പെട്ടവരുടെ താല്‍പര്യങ്ങള്‍ മാത്രമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇത് ഭരണഘടന നിലപാടുകള്‍ക്ക് എതിരാണ്. മതപരമായ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള രാഷ്ട്രീയ പദ്ധതിയാണ് മോദി സർക്കാറിന്റേതെന്നും യെച്ചൂരി പറഞ്ഞിരുന്നു.
രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെയും ബിജെപി ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പിന്നാലെ വിഷയത്തിൽ പരസ്യപ്രതികരണം വിലക്കിയിരിക്കുകയാണ് കോൺഗ്രസ്. ബിജെപിയുടെ വലയിൽ വീഴരുതെന്ന് നേതാക്കൾക്ക് നിർദേശം നൽകി. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡ് അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു.