ബാബു റിട്ടേണ്‍സ്... ആശുപത്രിവാസത്തിന് ശേഷം ആരോഗ്യവാനായി വീട്ടിലേക്ക്

വലിയ ആൾക്കൂട്ടമാണ് ബാബുവിനെ ഡിസ്ചാർജ് ചെയ്തതറിഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയിൽ കാണാനെത്തിയത്.

Update: 2022-02-11 05:20 GMT
Advertising

43 മണിക്കൂര്‍ കേരളക്കരയെ ആകെ മുള്‍മുനയില്‍ നിര്‍ത്തിയ ബാബു ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന വിലയിരുത്തലിന് ശേഷമാണ് ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തത്. വലിയ ആള്‍ക്കൂട്ടമാണ് ബാബുവിനെ ഡിസ്ചാര്‍ജ് ചെയ്തതറിഞ്ഞ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാണാനെത്തിയത്.  

ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ന് ആശുപത്രി വിടുമെന്നും നേരത്തേ മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചിരുന്നു. നന്നായി ഉറങ്ങിയെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ടെന്നും ചികിത്സയിലുള്ള ബാബു കഴിഞ്ഞ ദിവസം പറഞ്ഞു. പാറയിടുക്കിലേക്കുള്ള വീഴ്ചയിലുണ്ടായ ചെറിയ മുറിവുകളൊഴിച്ചാൽ ബാബുവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. ഇ.സി.ജി അടക്കമുള്ള പരിശോധനകൾ നടത്തിയിരുന്നു. രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞതിന്‍റെ ബുദ്ധിമുട്ടുകൾ മാത്രമാണുള്ളത്.

ഇതിനിടെ ആശുപത്രിയിൽ കഴിയുന്ന ബാബുവിന് അപ്രതീക്ഷിത സമ്മാനവും ലഭിച്ചു, മുൻപരിചയമില്ലാത്തയാൾ ബാബുവിന് നൽകണമെന്നാവശ്യപ്പെട്ട് ഒരു പൊതി മാതാവ് റഷീദയെ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മല കയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്. ആർമിയും എൻ.ഡി.ആർ .എഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചൊവ്വാഴ്ച രാത്രി ചെറാട് മലയിലെത്തിയ സൈന്യം ബുധനാഴ്ച രാവിലെ 9 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരെ ചുംബിച്ചാണ് ബാബു സ്നേഹം പ്രകടിപ്പിച്ചത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News