അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന ചരിഞ്ഞു
രണ്ടാഴ്ച മുമ്പാണ് ആനക്കൂട്ടം കുട്ടിയാനയെ ഉപേക്ഷിച്ചത്
പാലക്കാട്: അട്ടപ്പാടി പാലൂരിൽ ആനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന ചരിഞ്ഞു. ഇന്നലെ മുതൽ കുട്ടിയാന അവശ നിലയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ആനക്കൂട്ടം കുട്ടിയാനയെ ഉപേക്ഷിച്ചത്. കഴിഞ്ഞദിവസം വരെ കുട്ടിയാന ഭക്ഷണവും വെള്ളവും കഴിച്ചിരുന്നു. എന്നാല്‍ പിന്നീട് ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കിയില്ല. അണുബാധയാകാം മരണകാരണമെന്നാണ് കരുതുന്നത്.
ആനക്കൂട്ടത്തിൽ കുട്ടിയാനയെ വിടാൻ പലതവണ ശ്രമിച്ചെങ്കിലും ആനക്കൂട്ടം കുട്ടിയാനയെ സ്വീകരിച്ചില്ല.ബൊമ്മിയാംപടിയിലെ വനം വകുപ്പ് ക്യാമ്പിലായിരുന്നു കുട്ടിയാനയെ പാർപ്പിച്ചിരുന്നത്. ആനയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബാക്കി നടപടികള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
അതേസമയം, അട്ടപ്പാടി ഷോളയൂര്‍ ജനവാസമേഖലയില്‍ വീണ്ടും മാങ്ങാകൊമ്പന്‍ എത്തി. ചാവടിയൂരിലെ ജനവാസമേഖലയിലാണ് രാത്രി 10 മണിയോടെ കൊമ്പൻ കാടിറങ്ങിയത്. മാങ്ങാകൊമ്പനെ കാട് കയറ്റാന്‍ എത്തിയ ആര്‍ആര്‍ടി സംഘത്തിന് നേരെ കൊമ്പന്‍ പാഞ്ഞടുത്തു. ഏറെ പ്രയാസപ്പെട്ടാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഒറ്റയാനെ കാടുകയറ്റിയത്. കൊമ്പൻ വീണ്ടും കാടിറങ്ങുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് മാങ്ങാ കൊമ്പൻ ജനവാസ മേഖലയിൽ എത്തുന്നത്.