ടിപിയുടെ ചിത്രമുള്ള ബാഡ്ജ്: രമയുടെ സത്യപ്രതിജ്ഞ, ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ
സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചെത്തിയത് ചട്ടലംഘനമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു.
വടകര എംഎൽഎ കെ കെ രമയുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കർ. സത്യപ്രതിജ്ഞക്ക് ബാഡ്ജ് ധരിച്ചെത്തിയത് ചട്ടലംഘനമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. നിയമസഭയുടെ കോഡ് ഓഫ് കോണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ല എന്ന് വ്യക്തമാക്കിയതാണ്. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതുമാണെന്ന് സ്‍പീക്കര്‍ എം ബി രാജേഷ് വ്യക്തമാക്കി.
വടകരയില്‍ നിന്നും നിയമസഭയിലെത്തിയ ആര്‍എംപി നേതാവായ കെ കെ രമ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടിപി ചന്ദ്രശേഖരന്‍റെ ചിത്രമുള്ള ബാഡ്ജ് അണിഞ്ഞായിരുന്നു. സാരിയില്‍ ടി പിയുടെ ചിത്രം പതിച്ച ബാഡ്ജ് ധരിച്ചാണ് രമ എത്തിയത്. പ്രോ ടൈം സ്പീക്കര്‍ അഡ്വ. പിടിഎ റഹീം മുമ്പാകെ സഗൌരവ പ്രതിജ്ഞയാണ് കെ കെ രമ എടുത്തത്.
നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് ആര്‍എംപിയുടെ തീരുമാനം. സഭയില്‍ ടി പിയുടെ ശബ്ദം മുഴങ്ങുമെന്ന് നേരത്തെ കെ കെ രമ പറഞ്ഞിരുന്നു. ജയിച്ചത് സഖാവ് ടിപിയാണ്, അദ്ദേഹമാണ് നിയമസഭയിലുള്ളത്. അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുള്ള കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നല്‍കാനാണ് ഈ ബാഡ്ജ് ധരിച്ചു വന്നതെന്നും സത്യപ്രതിജ്ഞാ ദിവസം രമ പറഞ്ഞിരുന്നു.
അതിനിടെ ദേവികുളം എംഎല്‍എ എ. രാജയുടെ സത്യപ്രതിജ്ഞ നടപടി ക്രമമനുസരിച്ചാണോയെന്ന് നിയമവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. തമിഴിലാണ് എ രാജ സത്യപ്രതിജ്ഞ ചെയ്തത്. സഗൌരവമോ ദൈവനാമത്തിലോ സത്യപ്രതിജ്ഞ വേണമെന്നാണ് വ്യവസ്ഥ. ഇത് പാലിച്ചില്ലെന്നാണ് രാജയ്ക്കെതിരായ ആക്ഷേപം.