മീഡിയവൺ സംപ്രേഷണ വിലക്ക് ഭരണഘടനയോടുള്ള വെല്ലുവിളി: കെ.യു.ഡബ്ല്യു.ജെ
ചാനലിന്റെ വിലക്ക് അടിയന്തരമായി നീക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനും അയച്ച നിവേദനത്തിൽ കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു
മീഡിയവൺ ചാനലിന്റെ സംപ്രേഷണാവകാശം വിലക്കിയ കേന്ദ്ര സർക്കാർ നടപടി ഉടൻ തിരുത്തണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ(കെ.യു.ഡബ്ല്യു.ജെ) ആവശ്യപ്പെട്ടു. രാജ്യത്തു കുറച്ചുകാലമായി മാധ്യമങ്ങൾക്കുനേരെ നിലനിൽക്കുന്ന അസഹിഷ്ണുതയുടെയും ഭരണകൂട വിദ്വേഷത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഇരയാണ് മീഡിയവൺ. ജനാധിപത്യം ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കൽ കത്തിവെക്കുന്നതാണു കേന്ദ്ര നടപടിയെന്നും വാർത്താകുറിപ്പിൽ കെ.യു.ഡബ്ല്യു.ജെ കുറ്റപ്പെടുത്തി. ചാനലിന്റെ വിലക്ക് അടിയന്തരമായി നീക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിനും അയച്ച നിവേദനത്തിൽ യൂനിയൻ പ്രസിഡന്റ് കെ.പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും ആവശ്യപ്പെട്ടു.
മാധ്യമങ്ങളുടെ വായ അടപ്പിക്കാനുള്ള ഭരണകൂടത്തിൻറെ ശ്രമം ഇന്ത്യൻ ഭരണഘടനയോടു തന്നെയുള്ള വെല്ലുവിളിയാണ്. ജനപക്ഷ നിലപാട് എടുക്കുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങ് ഇടാൻ ശ്രമിക്കുന്നതിലൂടെ ജനാധിപത്യത്തെ തന്നെ ഇല്ലാതാക്കുകയാണ്. മീഡിയവൺ ചാനലിന് വീണ്ടും ഏർപ്പെടുത്തിയ വിലക്ക് കേന്ദ്ര ഭരണകൂടത്തിൻരെ മാധ്യമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നിലപാട് ഒരിക്കൽക്കൂടി പുറത്തുകൊണ്ടുവന്നിരിക്കുന്നു-വാർത്താകുറിപ്പിൽ കെ.യു.ഡബ്ല്യു.ജെ നേതാക്കൾ കുറ്റപ്പെടുത്തി.
പ്രത്യേകിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാതെ സുരക്ഷാപ്രശ്‌നങ്ങൾ എന്നു മാത്രം പറഞ്ഞാണ് ചാനലിനെ വിലക്കിയിരിക്കുന്നത്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പോന്ന എന്തു സുരക്ഷാ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്? സുരക്ഷാ വിഷയത്തിൽ എന്തു ഭീഷണിയാണ് മീഡിയവൺ സൃഷ്ടിച്ചത് എന്നീ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെയാണ് ഈ വിലക്ക്. അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കും മാധ്യമവേട്ടയ്ക്കുമെതിരെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ പൗരസമൂഹവും ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്. മാധ്യമങ്ങൾക്ക് പൂട്ടിടുന്ന ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരമ്പര സൃഷ്ടിക്കുമെന്ന് നേതാക്കൾ അറിയിച്ചു.