ഭൂപണയ വായ്പയിലും കെ റെയിൽ 'കല്ലിട്ടു'; വായ്പ ലഭിക്കണമെങ്കിൽ നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ് നിർബന്ധം

ഭൂപണയവായ്പക്ക് നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ് വേണമെന്ന് നേരത്തെയും നിർദേശമുണ്ടായിരുന്നു. കെ റെയിലിന് കല്ലിടാൻ ആരംഭിച്ചതോടെയാണ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കർശനമാക്കിയത്.

Update: 2022-03-26 03:29 GMT
Advertising

സിൽവർ ലൈൻ പദ്ധതിപ്രദേശത്തെ ഭൂപണയവായ്പക്ക് നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ബാങ്കുകൾ. പണയപ്പെടുത്തുന്ന വസ്തു പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഭാഗമല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽനിന്ന് ഹാജരാക്കിയാൽ മാത്രമേ ഇനി വായ്പ അനുവദിക്കുകയുള്ളൂ. ഇതുസംബന്ധിച്ച കർശന നിർദേശം ബാങ്ക് മാനേജർമാക്ക് ലഭിച്ചതായി 'മംഗളം' റിപ്പോർട്ട് ചെയ്തു.

ഭൂപണയവായ്പക്ക് നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ് വേണമെന്ന് നേരത്തെയും നിർദേശമുണ്ടായിരുന്നു. കെ റെയിലിന് കല്ലിടാൻ ആരംഭിച്ചതോടെയാണ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന കർശനമാക്കിയത്. ബ്ലോക്ക്, ഡിവിഷൻ, സബ് ഡിവിഷൻ എന്നിവ സഹിതമാണ് വില്ലേജുകളിൽ സർവേ നമ്പർ ഉൾപ്പെടുത്തുന്നത്. സർവേ നമ്പർ ഓരോ വ്യക്തിക്കും വ്യത്യസ്തമാണെങ്കിലും ബ്ലോക്ക്, ഡിവിഷൻ നമ്പരുകൾ ബ്ലോക്ക് അടിസ്ഥാനത്തിൽ ഒരുപോലെയായിരിക്കും.

സിൽവർ ലൈനിന് സ്ഥലമേറ്റെടുക്കാൻ വില്ലേജ് ഓഫീസുകളിൽ കെ റെയിൽ നൽകിയ വിശദാംശങ്ങൾ ബ്ലോക്ക് നമ്പർ ഉൾപ്പെടെയാണ്. അതിനാൽ നിർദിഷ്ട പദ്ധതിപ്രദേശങ്ങളിൽ നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ് നൽകാൻ കഴിയാത്ത അവസ്ഥയിലാണ് വില്ലേജ് ഓഫീസർമാർ.

നിലവിലെ അലൈൻമെന്റിൽ മാറ്റമുണ്ടാവുമെന്ന് കെ റെയിൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിപ്രദേശങ്ങളുടെ അന്തിമരൂപരേഖയാകുന്നതുവരെ ഒരു സർട്ടിഫിക്കറ്റും നൽകേണ്ടെന്നാണ് വില്ലേജ് അധികൃതരുടെ തീരുമാനം. സിൽവർ ലൈൻ സർവേയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പണി പൂർത്തിയായ വീടുകൾക്ക് താമസാനുമതി നൽകുന്നില്ലെന്നും പരാതിയുണ്ട്. താമസ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ സിൽവർ ലൈൻ കടന്നുപോവുന്ന പ്രദേശമല്ലെന്നു വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ് നൽകണമെന്ന നിലപാടിലാണ് പഞ്ചായത്തുകൾ. ഏറ്റെടുക്കുന്ന ഭൂമി ഏതെന്നു പ്രഖ്യാപിക്കാതെ നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി ലഭിക്കില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News