കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ബീഫ് ഫെസ്റ്റ്; ചെമ്പടക്കം പൊലീസ് പൊക്കി
ഇരിങ്ങാട്ടിരി ആലത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് മുപ്പതിലേറെ പേർ ഒത്തുകൂടി ബിരിയാണി 'സൽക്കാരം' ഒരുക്കിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്
ട്രിപ്പിള്‍ ലോക്ഡൌണ് നിലനില്ക്കുമ്പോള് ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമം. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി ബിരിയാണി വിളമ്പാൻ ശ്രമിച്ചവർക്കാണ് കരുവാരകുണ്ട് പൊലീസ് പൂട്ടിട്ടത്. ഇരിങ്ങാട്ടിരി ആലത്തൂരിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് മുപ്പതിലേറെ പേർ ഒത്തുകൂടി ബിരിയാണി 'സൽക്കാരം' ഒരുക്കിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇതോടെ ഒത്തുകൂടിയവരിൽ ഭൂരിഭാഗം പേരും ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഫാം പരിസരത്ത് നിർത്തിയിട്ട ഇവരുടെ കാറുകൾ ഉൾപ്പെടെയുള്ള 15 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിരിയാണിച്ചെമ്പുകൾ, പാത്രങ്ങൾ, മൊബൈൽ ഫോണുകൾ എന്നിവയുള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തു. ഫാം ഉടമ, വാഹന ഉടമകൾ, മൊബൈൽ ഫോൺ ഉടമകൾ എന്നിവരുടെ പേരിലും മറ്റ് കണ്ടാലറിയുന്നവരുടെ പേരിലും കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.